കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ നിന്ന് 18 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ മണർകാട് എസ്.എച്ച്.ഒ രതീഷ്‌കുമാറിനെ രക്ഷിക്കാൻ ശ്രമം. പൊലീസിന്റെ ഔദ്യോഗിക രഹസ്യം ചോർത്തിയ രതീഷ്‌കുമാറിനെതിരായ നടപടി വെറും സ്ഥലം മാറ്റത്തിൽ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേസിലെ പ്രതിയും ബ്ലേഡ് മാഫിയ തലവനുമായ മാലം സുരേഷുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നതോടെയാണ് രതീഷ്‌കുമാറിനെതിരെ അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ 15 ന് ആരംഭിച്ച അന്വേഷണത്തെ തുടർന്ന് രതീഷ്‌കുമാർ പതിനഞ്ചു ദിവസത്തോളമായി അവധിയിലായിരുന്നു. ഇതിനിടെയാണ് സ്ഥലം മാറ്റിയെന്ന ഉത്തരവ് പുറത്തു വന്നിരിക്കുന്നത്. മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സ്ഥാനത്തു നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേയ്ക്കാണ് രതീഷ്‌കുമാറിനെ സ്ഥലം മാറ്റിയത്. എന്നാൽ, ഗുരുതരമായ വീഴ്‌ച വരുത്തുകയും, പൊലീസ് രഹസ്യം ചോർത്തുകയും, സഹപ്രവർത്തകനെ ഒറ്റുകയും ചെയ്‌ത എസ്.എച്ച്.ഒയെ രക്ഷിക്കാൻ ഉന്നത സമ്മർദമുണ്ടെന്നാണ് സൂചന.
പ്രതികളുടെ മൊഴിയെടുപ്പ്
ആഗസ്റ്റ് നാലു മുതൽ
പിടികൂടിയ 18 ലക്ഷം രൂപ തൻ്റെ സ്ഥാപനങ്ങളിലെ വിറ്റുവരവാണെന്നാണ് ക്ലബ് സെക്രട്ടറി കൂടിയായ മാലം സുരേഷിൻ്റെ വിശദീകരണം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 43 പ്രതികളിൽ നിന്നുള്ള മൊഴി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിൻ്റെ നേതൃത്വത്തിൽ ബുധനാഴ്‌ച രേഖപ്പെടുത്തും. ഇതിനിടെ, പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ രേഖകൾ പൊലീസ് ഉദ്യോഗസ്ഥർ നശിപ്പിച്ചതായും സൂചനയുണ്ട്.