ഏറ്റുമാനൂർ: റാഫേൽ യുദ്ധവിമാനം ഇന്ത്യൻ മണ്ണിലേക്ക് ഇരമ്പിയിറങ്ങിയപ്പോൾ ഏറ്രുമാനൂരിൽ അഭിമാനം വാനോളമുയർന്നു. കാരണം റഫേൽ പറത്തിയ പൈലറ്റുമാരിലെ ഏക മലയാളി സാന്നിദ്ധ്യം ഏറ്റുമാനൂരപ്പന്റെ മുറ്റത്ത് കളിച്ചുവളർന്ന ചുണക്കുട്ടി വിംഗ് കമാൻഡർ വിവേക് വിക്രമായിരുന്നു.
ഏറ്റുമാനൂർ ഇരട്ടാനയിൽ (ശിവജ്യോതി) മുൻ ജില്ലാ ഗവൺമെന്റ് പ്ളീഡർ ആർ.വി വിക്രമൻ നായരുടേയും റബർ ബോർഡ് മുൻ ഉദ്യോഗസ്ഥ കുമാരിയുടേയും മകൻ വിവേക് വിക്രം15 വർഷമായി സേനയുടെ ഭാഗമാണ്. ഒമ്പത് മാസം മുൻപാണ് വിവേകടങ്ങുന്ന സംഘം റാഫേൽ പറത്താനുള്ള പരിശീലനത്തിനായി പോയത്. കഴിഞ്ഞ ജനുവരിയിൽ സഹോദരൻ ആനന്ദ് വിക്രമിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനെത്തി. രണ്ട് ദിവസത്തിന് ശേഷം ഡൽഹി ആസ്ഥാനത്തെത്തിയ ശേഷം വീണ്ടും ഫ്രാൻസിലേയ്ക്ക്. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ എത്തിയതിന് ശേഷം അച്ഛനും അമ്മയും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വീഡിയോ കോൾ വിളിച്ച് അഭിനന്ദനം അറിയിച്ചു. വിളിച്ചവരോടൊക്കെ വിവേക് പറഞ്ഞതിങ്ങനെ -'' ഒരുപാട് അഭിമാനമുണ്ട്. ചരിത്ര മുഹൂർത്തത്തിൽ പങ്കാളിയായതിന്''. കേന്ദ്ര മന്ത്രി വി. മുരളീധരനും വിവേകിന്റെ മാതാപിതാക്കളെ അഭിനന്ദനമറിയിച്ചു.
ഇന്നലെ വിവേകിന്റെ വീട്ടിലെത്തിയ മുതിർന്ന ബി.ജി.പി നേതാവ് ഏറ്രുമാനൂർ രാധാകൃഷ്ണന്റെ മൊബൈലിലേക്ക് വീഡിയോകോൾ വിളിച്ച മുരളീധരൻ വിവേകിന്റെ പിതാവിനെ നേരിട്ട് അഭിനന്ദനമറിയിച്ചു. ഏറ്റുമാനൂരപ്പന്റെ ഭക്തനായ വിവേക് നാട്ടിലെത്തുമ്പോഴെല്ലാം ക്ഷേത്ര ദർശനവും മുടക്കാറില്ല. പഠനത്തിൽ മിടുക്കനായിരുന്ന വിവേകിന്റെ ആഗ്രഹമനുസരിച്ചാണ് എയർഫോഴ്സിൽ ചേരുന്നത്. പുതുപ്പള്ളി കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് പ്ളസ് ടു പൂർത്തിയാക്കി എൻജിനീയറിംഗിനും മെഡിസിനും പ്രവേശനം ലഭിച്ചെങ്കിലും 2003ൽ പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ചേർന്നു.
2005ൽ എയർഫോഴ്സിൽ അംഗമായി. ഭാര്യ ഡോ.ദിവ്യ മക്കളായ വിഹാനും സൂര്യാസിനുമൊപ്പം രാജസ്ഥാനിൽ താമസിക്കുന്നതിനിടെയാണ് അപൂർവ ദൗത്യത്തിനായി ഫ്രാൻസിലേയ്ക്ക് പുറപ്പെട്ടത്. അമേരിക്കയിൽ കുടുംബത്തൊടൊപ്പം കഴിയുന്ന പാർവതി വിക്രമാണ് സഹോദരി.