duck

കോട്ടയം: പക്ഷിപ്പനി, പ്രളയം, കൊവിഡ്.... നാലുവർഷമായി ഒരേ സീസണിൽ ദുരിതങ്ങൾ ആവർത്തിക്കുമ്പോൾ കൈകാലിട്ടടിക്കുകയാണ് അപ്പർകുട്ടനാട്ടിലെ താറാവ് കർഷകർ. ആനകൾക്ക് വരെ റേഷൻ നൽകി സർക്കാർ ചേർത്തുപിടിച്ചപ്പോൾ തങ്ങളെ തഴയുന്നതിന്റെ വിഷമവുമുണ്ട് കർഷകർക്ക്.

കൊവിഡ് വ്യാപനത്തോടെ താറാവു തീറ്റ കിട്ടുന്നില്ല. മുട്ടയിടുന്ന താറാവുകളെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത്. ചങ്ങനാശേരി, ആർപ്പൂക്കര, അയ്മനം ഭാഗങ്ങളിൽ വിലകുറഞ്ഞ അരി സുലഭമായി ലഭിച്ചിരുന്നു. ഇപ്പോഴതുമില്ല.

 വിപണി പകുതിയായി

ഗതാഗതം കുറഞ്ഞതോടെ വഴിയോരക്കച്ചവടം പകുതിയിൽ താഴെയായി. ഹോട്ടലുകളിലും ചായക്കടകളിലും തട്ടുകടകളിലും ബജ്ജി കടകളിലുമായി നിത്യേന ആയിരക്കണക്കിനു മുട്ടകളാണ് വിറ്റിരുന്നത്. ഇപ്പോൾ 40 ശതമാനം പോലും ചെലവില്ല. ഇറച്ചിത്താറാവിനും പഴയ ഡിമാൻഡില്ല.

 പ്രതിരോധ മരുന്ന് കിട്ടാനില്ല

താറാവുകളുടെ പ്രതിരോധ മരുന്നായ പാസ്ചുറല്ലാ, റൈമുറല്ലാ മരുന്നുകളുടെ ഉത്പാദനം തിരുവനന്തപുരം പാലോട് മൃഗസംരക്ഷണ കേന്ദ്രത്തിലാണ്. സംസ്ഥാനത്ത് ആവശ്യമായത്ര മരുന്നുകൾ നിർമിക്കുന്നതിനുള്ള ശേഷി സ്ഥാപനത്തിലില്ല. പക്ഷിപ്പനിയടക്കമുള്ള രോഗം മൂലം താറാവുകൾ ചാകുന്നത് കണക്കിലെടുത്ത് കർഷകർക്ക് സഹായകരമാകുന്ന അത്യാധുനിക പരിശോധനാ ലാബ് സ്ഥാപിക്കണമെന്ന ആവശ്യവും അനന്തമായി നീളുന്നു. തിരുവല്ല മഞ്ഞാടിയിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിലെ പരിശോധനാ കേന്ദ്രത്തിൽ പ്രാഥമിക പരിശോധനയ്ക്കുള്ള സംവിധാനം മാത്രമാണുള്ളത്.

 100 താറാവിന് വേണം 12 കിലോ അരി

 കിലോയ്ക്ക് 14 രൂപ

''പ്രളയത്തിന് ശേഷം കൊവിഡ് കൂടിയായപ്പോൾ ഞങ്ങളുടെ അവസ്ഥ പരിതാപകരമായി. ആനകൾക്കു വരെ സർക്കാർ റേഷൻ അനുവദിച്ചു. കർഷകർ വളർത്തുന്ന താറാവുകൾക്ക് തീറ്റ നൽകാൻ ഒരു നടപടിയും ഇല്ല. ഇൻഷുറൻസ് പരിരക്ഷ പോലും നടപ്പാക്കിയിട്ടില്ല. അതിനാൽ ചത്തു പോയാൽ പോലും ഒരു രൂപ പോലും ലഭിക്കില്ല. അടിയന്തര നടപടി വേണം"

തങ്കച്ചൻ,​ താറാവു കർഷകൻ.