
കോട്ടയം: കേരളത്തിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത് ആറുമാസം പിന്നിടുമ്പോൾ സാമൂഹ്യവ്യാപനത്തിലും മുന്നിലെത്തി കോട്ടയം റെഡ് സോണിൽ തന്നെ.
മാർച്ച് ആദ്യം ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് കേരളത്തിൽ കൊവിഡിന്റെ രണ്ടാം വരവ് തുടങ്ങുന്നത്. ഇറ്റലിയിൽ നിന്നു വന്ന ബന്ധുക്കളെ സ്വീകരിക്കാൻ ചെങ്ങളത്തുനിന്നു പോയ ദമ്പതികൾക്ക് രോഗം പിടിപെട്ടതോടെ കോട്ടയം ഞെട്ടിവിറച്ചു . എന്നാൽ ചികിത്സയിൽ ഇരുവർക്കും ഭേദമായി. ഇവരുടെ വൃദ്ധ മാതാപിതാക്കൾ കൊവിഡിന്റെ പിടിയിലായെങ്കിലും ജീവിതത്തിലേക്ക് മടങ്ങിവന്നത് കോട്ടയം മെഡിക്കൽ കോളേജിന്റെ നേട്ടവുമായി.
ഏറെ ദിവസം ഗ്രീൻ സോണിലും ഓറഞ്ചു സോണിലുമായി നിന്ന കോട്ടയം പെട്ടെന്ന് റെഡ് സോണിലുമായി . ഒരു ദിവസം രോഗികളുടെ എണ്ണം 118ൽ വരെയെത്തി . ഏറെയും സാമൂഹ്യ വ്യാപനം വഴി രോഗികളാകുന്നതും രോഗ ഉറവിടം കണ്ടെത്താനാവാത്തതും കോട്ടയം ഇപ്പോഴും അപകടമേഖലയിൽ തന്നെ എന്നതിന്റെ സൂചനയാണ്.
ജില്ലയിൽ ഇപ്പോൾ 1078 കൊവിഡ് രോഗികളുണ്ട്. 561 പേർ ചികിത്സയിലാണ്. സർക്കാർ കണക്കിൽ ഒരു മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 22 തദ്ദേശ ഭരണ സ്ഥാപനങ്ങളിലായ് 53 കണ്ടെയ്ൻ മെന്റ് സോണുകളുണ്ട്. ആദ്യം കോട്ടയം ചന്ത അടച്ചുവെങ്കിൽ ഇപ്പോൾ ഏറ്റുമാനൂർ, ചങ്ങനാശേരി ,ചിങ്ങവനം വൈക്കം, കുമരകം ചന്തകൾ അടച്ചു. ഈ പ്രദേശങ്ങളിൽ രോഗവ്യാപനം ഏറുകയാണ്.