കാഞ്ഞിരപ്പള്ളി : പട്ടിമറ്റത്ത് ജില്ലാ പഞ്ചായത്തിൽ നിന്ന് 26 ലക്ഷം രൂപ അനുവദിച്ച് 2 നിലകളിലായി നിർമ്മിച്ച വനിത തൊഴിൽ പരിശീലന കേന്ദ്രത്തിന്റെയും, കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പട്ടിമറ്റം പന്ത്രണ്ടാം വാർഡിൽ പൊതുവായ ആവശ്യങ്ങൾക്ക് കെട്ടിടമില്ലാതിരുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി. കുടുംബശ്രീ അംഗങ്ങൾക്കും മറ്റ് തൊഴിൽരഹിതരായ വനിതകൾക്കും വിദഗ്ദ്ധ തൊഴിൽ പരിശീലനങ്ങളും തൊഴിൽ സംരംഭങ്ങൾക്കും അവസരം ഒരുക്കാനും കഴിയും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാളാന്തറ, വാർഡ് മെമ്പർ മുബീന നൂർമുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ സുരേന്ദ്രൻ കാലായിൽ, നുബിൻ അൻഫൽ, പ്രദേശവാസികളായ റസ്സിലി തേനമാക്കൽ, റഹീം പടപ്പാടിയിൽ, അംബിക സോമശേഖരൻ, പ്രദീഷ് എസ്. നായർ തുടങ്ങിയവർ പ്രസംഗിച്ചു.