പൊൻകുന്നം : കഴിഞ്ഞ രണ്ടുദിവസത്തെ മഴയിൽ പഴയിടെ കോസ് വേയിൽ ഒഴുകിയെത്തിയത് ടൺകണക്കിന് മാലിന്യം. പ്ലാസ്റ്റിക്ക് കുപ്പികളും കൂടുകളും അടങ്ങുന്ന പാഴ് വസ്തുക്കളാണ് അടിഞ്ഞുകൂടിയത്. പൊട്ടിയ ബക്കറ്റ് ജാർ പാത്രങ്ങൾ തുടങ്ങി ഏറെയും പ്ലാസ്റ്റിക്ക് തന്നെ. നേരത്തെ തന്നെ ഇവിടെ മാലിന്യക്കൂമ്പാരമായിരുന്നു. അതോടൊപ്പമാണ് ശക്തമായ മഴയിൽ കൂടുതൽ മാലിന്യം എത്തിയത്. ഓരോ വർഷവും ഇങ്ങനെ മാലിന്യം അടിഞ്ഞ് കൂടാറുണ്ട്. നാട്ടുകാർ ചേർന്ന് നീക്കം ചെയ്യുകയാണ് പതിവ്. ബുധനാഴ്ചത്തെ മഴയിൽ പാലത്തിൽ മുട്ടിയൊഴുകിയ വെള്ളം ഇന്നലെ അല്പം താഴ്ന്നു. മുൻവർഷങ്ങളിലൊക്കെ ഇങ്ങനെ അടിഞ്ഞുകൂടുന്ന മാലിന്യത്തിൻനിന്നും വിലകിട്ടുന്നതൊക്കെ തമിഴ്‌നാട്ടിൽനിന്നുള്ള ആക്രി കച്ചവടക്കാർ എടുത്തുകൊണ്ടുപോകുമയിരുന്നു. എന്നാൽ ഇവരിൽ പലരും ഇന്ന് സ്വന്തം നാടുകളിൽതന്നെയാണ്.

മഴ കനത്താൽ കൈവരി തകരുമോ

മഴ കനത്താൽ തടികളും മരക്കൊമ്പുകളുമൊക്കെ ഒഴുകിയെത്തുമെന്നും വലിയ തടികൾ ഒഴുകിയെത്തി പാലത്തിന്റെ കൈവരികൾ തകരാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന കൈവരി ഏതാനും മാസം മുൻപാണ് പുനർനിർമ്മിച്ചത്. മാലിന്യം ഇവിടെ തങ്ങിനിൽക്കുന്നതും പതിവ് കാഴ്ചയാണ്.