ചങ്ങനാശേരി: പായിപ്പാട്ട് കൊവിഡ് സമ്പർക്ക വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്നു. ക്ലസ്റ്ററിൽ നിയമങ്ങൾ പാലിക്കാതെ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുകയും വ്യാപാരസ്ഥാപനങ്ങൾ തുറക്കുകയും വാഹനങ്ങൾ നിരത്തിലിറക്കുകയും ചെയ്യുന്നുണ്ട്. പഞ്ചായത്ത് അധികൃതരോ, ആരോഗ്യവകുപ്പോ, പൊലീസോ നടപടി സ്വീകരിക്കാത്തതാണ് ഈ സാഹചര്യമൊരുക്കുന്നത്. പ്രദേശത്തെയ്ക്ക് പൊലീസ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. വ്യാഴാഴ്ച പായിപ്പാട് മാർക്കറ്റിൽ 79 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്ന 44 പേരിൽ 4 പേർ ഇന്നലെ രോഗമുക്തിനേടി. ശനിയാഴ്ച പായിപ്പാട് മാർക്കറ്റിൽ പരിശോധന തുടരും.
പതിനൊന്ന് ദിവസങ്ങളിലായി 151 പേർക്ക് ഇതുവരെ മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച കുറിച്ചി പഞ്ചായത്തിൽ മൂന്നും മാടപ്പള്ളി പഞ്ചായത്തിൽ രണ്ടും പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.
വാഴപ്പള്ളി പഞ്ചായത്തിൽ 7,11, 12, 17, 20 എന്നീ വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി. പായിപ്പാട് പഞ്ചായത്തിൽ 7,8,9,10,11 വാർഡുകളും കുറിച്ചി 20, മാടപ്പള്ളി 18, തൃക്കൊടിത്താനം 15, ചങ്ങനാശേരി നഗരസഭയിലെ 24, 31,33,37 വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണുകളാണ്.
ഒരു വീട്ടിലെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് നഗരസഭയിലെ 37ാം വാർഡും കണ്ടെയ്‌ൻമെന്റ് സോണാക്കിയത്. വാഴപ്പള്ളി പഞ്ചായത്തിൽ സമ്പർക്ക വ്യാപനത്തിന്റെ തോത് ദിനംപ്രതി കൂടുകയാണ്. കുരിശുംമൂട് മത്സ്യമാർക്കറ്റിലെ കടകൾ ഇന്നലെ മുതൽ നിയന്ത്രണവിധേയമായി തുറന്നു. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.