അടിമാലി: പോസ്റ്റ്മേർട്ടം നടത്താനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും അടിമാലി താലൂക്ക് ആശുപത്രിയിലുണ്ട്, പക്ഷെ പല പോസ്റ്റ്മേർട്ടവും ഇവിടെ നടക്കില്ലെന്ന് മാത്രം. കാര്യം സിമ്പിലൾ, പൊലിസ് സർജന്റെ സേവനം ഇവിടെയില്ല അത്രതന്നെ.

സാധാരണ പോസ്റ്റ്മോർട്ടങ്ങൾക്ക് ആശുപത്രിയിലെ ഡോക്ടർ മതി. എന്നാൽ മരണകാരണം വ്യക്തമാകാത്ത പോസ്റ്റുമോർട്ടങ്ങൾ നടത്തുന്നത് പൊലീസ് സർജന്റെ മേൽനോട്ടത്തിലാണ്.അതോടെ ഇവിടെ എത്തുന്ന പല മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം ഇവിടെ നടക്കുന്നില്ല.മൃതദേഹങ്ങൾ 125 കിലോമീറ്റർ അകലെയുള്ള ഈ സൗകര്യമുള്ള കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കേണ്ട സാഹചര്യമാണുള്ളത്.നിർദ്ധനരായ ബന്ധുക്കൾക്ക് ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടവരുത്തുന്നു.ഹൈറേഞ്ചിൽ ഇടുക്കി മെഡിക്കൽ കോളേജിൽ മാത്രമാണ് ഫോറൻസിക് സർജൻ ഉള്ളത്. എന്നാൽ നിർമ്മാണത്തിനായി മോർച്ചറി അടച്ചതിനാൽ പോസ്റ്റുമോർട്ടം നടക്കുന്നില്ല. ഇതോടെ ജില്ലയിലെ പോസ്റ്റുമോർട്ടങ്ങൾ കോട്ടയം മെഡിക്കൽ കോളെജിൽ മാത്രമാണ് നടക്കുന്നത്.
ഇന്നലെ മാത്രംഅടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയത് മൂന്ന് മൃതദേഹങ്ങളാണ് .സ്രവ പരിശോധനയിൽ നെഗറ്റീവ് ആയിട്ടും വിവിധ കാരണങ്ങളാൽ ആശുപത്രി അധികൃതർ പോസ്റ്റുമോർട്ടത്തിന് തയ്യാറായില്ല. കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടു.അത് അവരെ വെട്ടിലാക്കി.എന്നാൽ ഇടുക്കിയിൽ നിന്ന് കോട്ടയത്ത് എത്തിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ അവിടെ ഇപ്പോൾ നിശ്ചിത എണ്ണം പോസ്റ്റുമോർട്ടം മാത്രമാണ് നടത്തുകയുള്ളൂ. അവിടെ ടോക്കൺ നൽകിയാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്.

ഇടുക്കി മെഡിക്കൽകോളേജിൽ പോസ്റ്റ്മേർട്ടം നടക്കാത്തതിനാൽ അവിടെയുള്ള പൊലിസ് സർജനെ അടിമാലിക്ക് അയച്ചോ പുതിയ സർജനെ നിയമിച്ചോ പ്രശ്നപരിഹാരം കാണാനാകും.