goli-soda

കോട്ടയം: ബാറുകൾ പൂട്ടിയപ്പോഴായിരുന്നു സോഡ ഫാക്ടറിയുടമകൾക്കുണ്ടായ ആദ്യ അപ്രതീക്ഷിത തിരിച്ചടി. അപ്പോഴും കടകളിൽ നിന്നുള്ള വിൽപ്പന ചെറിയൊരാശ്വാസമായിരുന്നു. എന്നാൽ കൊവിഡ് കാലം ചെറുകിട സോഡാ കമ്പനികളെ വല്ലാത്ത പ്രതിസന്ധിയിലാക്കി.

വേനൽക്കാലമാണ് സോഡയ്ക്ക് മികച്ച സീസൺ. ബാറുകളിലെ ഉപയോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചെലവ് സർബത്ത് കടകളിലാണ്. എന്നാൽ മാർച്ചിൽ കൊവിഡ് എത്തിയതോടെ കടകൾ പൂട്ടി. സർബത്ത് കച്ചവടവും നിലച്ചു. ലോക്ക് ഡൗണിനശേഷം കടകൾ തുറന്നെങ്കിലും രോഗ വ്യാപനംമൂലം ഗ്ളാസുകളിൽ സർബത്ത് കുടിക്കാൻ ആളുകൾ ഭയപ്പെട്ടു. അത്യാവശ്യക്കാർ ബ്രാൻഡഡ് ശീതള പാനീയമോ ക്ളബ് സോഡയോ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്ന സ്ഥിതിയെത്തി. ഇതോടെ പാവം കുപ്പി സോഡയുടെ സ്ഥാനം മൂലയ്ക്കായി.

ജില്ലയിലെ ബാറുകളുമായി കരാറിലായിരുന്നു മിക്ക സോഡ ഫാക്ടറികളും. ബാറുകളിൽ ഇരുന്നുള്ള മദ്യപാനം നിലച്ചപ്പോൾ സോഡയും വേണ്ടെന്നായി. ആപ്പ് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നവരാവട്ടെ ക്ളബ് സോഡകളെയാണ് ആശ്രയിക്കുന്നത്.

 'ഗ്യാസിനും' വില കുറഞ്ഞു

സോഡയ്ക്ക് പിന്നാലെ ഗ്യാസ് നിറയ്ക്കുന്ന കാർബൺ ഡയോക്സൈഡിനും കുപ്പികളിലെ കോർക്കിനും ഡിമാൻഡില്ല. ഒരുകുറ്റിക്ക് 2500-2750 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് പകുതിക്കും താഴെയായി. വീടിനോട് ചേർന്ന് തന്നെ ചെറുകിട സോഡ സംരംഭങ്ങൾ തുടങ്ങിയവരാണ് ഏറെയും. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭമെന്നതാണ് സോഡയുടെ ഗുണം. കുപ്പി സോഡയ്ക്ക് കമ്മീഷൻ കൂടുതലായതിനാൽ കടക്കാർക്കും നല്ല കോളായിരുന്നു.

പ്രതിസന്ധി

 കുപ്പി വീണ്ടും ഉപയോഗിക്കുമെന്നതിനാൽ കൊവിഡ് വില്ലൻ

 വ്യവസായം തകർന്നപ്പോൾ തൊഴിലാളികളും ദുരിതത്തിൽ

 സോഡ എത്തിച്ചിരുന്ന പെട്ടി വണ്ടിക്കാരുടെ ഓട്ടവും നിലച്ചു

'' മൂന്നു വർഷത്തോളമായി പച്ചപിടിച്ചുവന്ന ബിസിനസാണ് പെട്ടെന്ന് നിലച്ചത്. ഓർഡറുകൾ ഇല്ലെന്ന് മാത്രമല്ല, മുൻപ് കൊടുത്തത് പോലും തീർന്നിട്ടില്ല. മുന്തിയ കമ്പനികളുടെ ക്ളബ് സോഡകൾക്ക് മാത്രമാണ് ചെലവ് ''

ജോർജ് കെ.ജോസഫ്,

സോഡ ഫാക്ടറിയുടമ, ചങ്ങനാശേരി