mannu

കോട്ടയം: കാലവർഷം ശക്തി പ്രാപിക്കും മുമ്പേ ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപകമായി മണ്ണിടിച്ചിൽ . കിണറുകളും ഇടിഞ്ഞു താണു. കനത്ത മഴ പെയ്യുമ്പോൾ സ്ഥിതി എങ്ങനെയാകുമെന്ന് ജനങ്ങളുടെ ആശങ്കയേറി . മണ്ണിടിഞ്ഞ് നൂറിലേറെ വീടുകൾക്ക് നാശനഷ്ടമുണ്ടായി.

മണർകാട് ,വിജയപുരം, ആർപ്പുക്കര, ചുങ്കം, വാരിശേരി, എന്നിവിടങ്ങളിൽ ഉറച്ച ഭൂമിയായിട്ടും മണ്ണിടിഞ്ഞു താഴ്ന്നു. ചുങ്കത്ത് ബലമുള്ള കരിങ്കൽ കെട്ടായിട്ടും മീനച്ചിലാറിന്റെ തീരത്ത് നീളത്തിൽ മണ്ണിടിഞ്ഞു വീടുകൾക്ക് ബലക്ഷയമുണ്ടായി. മുട്ടമ്പലം തുരങ്കത്തിന് സമീപവും ഗാന്ധിനഗറിലും റെയിൽവേട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണിട്ട് രണ്ടു ദിവസം കഴിഞ്ഞു. പ്ലാന്റേഷനു സമീപം തുരങ്കത്തിന് മുന്നിലെ മണ്ണ് പൂർണമായി മാറ്റും മുമ്പേ വീണ്ടും ഇടിഞ്ഞു. ഇതോടെ ലൈൻ ക്ലിയറാക്കുന്നതു വൈകി. പതിനഞ്ച് അടിയോളം ഉയരത്തിൽ നിന്നാണ് മണ്ണിടിഞ്ഞത്. വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ നശിച്ചു.

പാറത്തോടിൽ കിണർ ഇടിഞ്ഞു

പാറത്തോട് പഞ്ചായത്ത് കുളപ്പുറം ഒന്നാം മൈൽഭാഗത്താണ് വള്ളിയാംതടത്തിൽ റോബിൻ തോമസിന്റെ 12 കോൽ താഴ്ചയുള്ള കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു. വീടിന്റെ മുറ്റത്ത് വക്കുകെട്ടി ബലപ്പെടുത്തി ഉപയോഗിച്ചു കൊണ്ടിരുന്ന കിണറിന്റെ മുകൾ ഭാഗം അഞ്ചടിയോളം അകത്തേയ്ക്ക് താഴ്ന്നുപോയി.

മലയോരമേഖല ഉരുൾപൊട്ടൽ ഭീതിയിലാണ്, ജില്ലാ ഭരണകൂടവും തദ്ദേശ ഭരണ സ്ഥാപനങ്ങളും മുൻ കരുതൽ എടുത്തു തുടങ്ങി. തലനാട് അടുക്കം ജാഗ്രതയിലാണ്. മുൻ വർഷങ്ങളിൽ ശക്തമായ മഴയിൽ ഈ മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.

പുതിയ പ്രതിഭാസം

കോട്ടയത്ത് വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായത് പുതിയ പ്രതിഭാസമാണ് . ഒറ്റ മഴയിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പഠനം നടത്തേണ്ടിയിരിക്കുന്നു. ചുങ്കത്ത് ആഴത്തിൽ കരിങ്കൽ കെട്ടി ബലപ്പെടുത്തിയ ഭാഗമാണ് നെടുനീളത്തിൽ വിണ്ടു കീറി മീനച്ചിൽ ആറ്റിലേക്ക് താഴ്ന്നത്. മണൽവാരൽ ഇല്ലാത്ത സ്ഥലമാണ് . ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

വി.എൻ.വാസവൻ,

സി.പി.എം ജില്ലാ സെക്രട്ടറി