പാലാ : നീണ്ട ഇടവേളയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്ന് ഇന്ന് മുതൽ 5 അന്തർജില്ല സർവീസുകൾ ആരംഭിക്കും. കൊവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പാലാ ഡിപ്പോ. സംസ്ഥാന-അന്തർസംസ്ഥാന സർവ്വീസുകളടക്കം 80 തോളം സർവീസുകൾ നടത്തിവന്ന പാലാ ഡിപ്പോയിൽ നിന്ന് ഇപ്പോൾ സർവീസ് നടത്തുന്നത് മുപ്പതിൽ താഴെ മാത്രമാണ്. ലോക് ഡൗണിന് ശേഷം പൊതുഗതാഗതം ആരംഭിച്ചപ്പോൾ 35 സർവീസുകളായിരുന്നു ഉണ്ടായിരുന്നത്. ജില്ലയ്ക്ക് പുറത്തേക്ക് എറണാകുളം, ഇടുക്കി ജില്ലകളിലേയ്ക്ക് മാത്രമായിരുന്നു സർവീസ്. പാലാ-കോട്ടയം, പാലാ-തൊടുപുഴ, പാലാ-വൈറ്റില, പാലാ-മുണ്ടക്കയം സർവീസുകൾ
മുടക്കമില്ലാതെ നടത്തുന്നുണ്ട്. ഇത് കൂടാതെയാണ് ഇന്ന് മുതൽ രാവിലെ 5 ന് ആനക്കട്ടി, 6 ന് കുമളി, തൃശൂർ, 6.40 ന് കിളിമാനൂർ, 7 ന് തൃശൂർ എന്നീ സർവീസുകൾ ആരംഭിക്കുന്നത്. തിങ്കളാഴ്ച മുതൽ രാവിലെ 8 നുള്ള കോഴിക്കോട് സർവീസും ഉണ്ടാവും.