തലയോലപ്പറമ്പ് : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് ആടുകൾക്ക് പരിക്കേറ്റു. പെരുവ മൂർക്കാട്ടുപടി ചങ്ങലാംതുരുത്ത് ഭാഗത്താണ് സംഭവം. റബർകാലായിൽ രാജുവിന്റെ രണ്ട് ആടുകളെയും, ചങ്ങലാംതുരുത്തേൽ മാത്യുവിന്റെ രണ്ട് ആടുകൾക്ക് നേരെയുമാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. റബർ തോട്ടത്തിൽ കെട്ടിയിരുന്ന ആടുകളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. സാരമായി മുറിവേറ്റ ആടുകളെ ഉടൻ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പൊതി, കീഴൂർ, രാജൻ കവല, ഇറുമ്പയം, മൂർക്കാട്ടുപടി, കമ്പനിപ്പടി ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. ഇരുചക്രവാഹനങ്ങൾക്ക് കുറുകെ തെരുവ് നായ്ക്കൾ ചാടുന്നത് അപകടഭീഷണിയും ഉയർത്തുന്നുണ്ട്.