ഈരാറ്റുപേട്ട : പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന ഇടവഴി ഒന്നര വർഷം മുമ്പ് ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചെങ്കിലും സഞ്ചരിക്കാൻ ആളുകളില്ലാതെ നശിക്കുന്നു. പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ തണ്ണിപ്പാറ വാർഡിലെ വെള്ളേടത്ത് വാതിൽ ഇടവഴിയാണ് ഒന്നരവർഷം മുമ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 3 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്തത്. എന്നാൽ ഗ്രാമപഞ്ചായത്തിൽ ആളുകൾക്ക് പ്രയോജനം ചെയ്യുന്ന റോഡുകളും മറ്റും ഉണ്ടായിട്ടും നാളിതുവരെ ആളുകൾ സഞ്ചരിച്ചിട്ടില്ലാത്ത ഇടവഴി നവീകരിക്കുന്നതിനെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടായിരുന്നു. നവീകരിച്ച് ശിലാഫലകം സ്ഥാപിച്ചതല്ലാതെ നാടിനും നാട്ടുകാർക്കും പ്രയോജനമില്ലാത്ത ഇടവഴി കിടക്കുകയാണ്.