കോട്ടയം: വിശാഖപട്ടണത്തു നിന്ന് കൊവിഡ് നിയന്ത്രണം പാലിക്കാതെ എത്തിച്ച ഏഴ് ടൺ പഴകിയ മീൻ അധികൃതർ പിടികൂടി നശിപ്പിച്ചു. ഐരാറ്റുനടയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് നാട്ടുകാരുടെ പരാതിയിലാണ് അധികൃതർ മീൻ പിടികൂടിയത്.
വിശാഖപട്ടണത്തിൽ നിന്ന് വ്യാഴാഴ്‌ച രാവിലെയാണ് മീൻ ലോറി ഏറ്റുമാനൂരിൽ എത്തിയത്. കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച ഏറ്റുമാനൂർ മാർക്കറ്റിൽ ലോറി പാർക്ക് ചെയ്യാൻ ആരോഗ്യ വിഭാഗം അനുവദിച്ചില്ല. തുടർന്ന് പാലക്കാട് സ്വദേശിയായ ഡ്രൈവർ ലോറി മണർകാട് നാലുമണിക്കാറ്റിലെ റോഡരികിൽ കൊണ്ടുപോയിട്ടു. ലോറിയിൽ നിന്ന് രൂക്ഷദുർഗന്ധം വരുന്നതും മലിനജലം ഒഴുകുന്നതും കണ്ട് ഇവിടത്തുകാർ പ്രതിഷേധിച്ചു. ഇതോടെ വ്യാഴാഴ്‌ച രാത്രി ലോറി കെ.കെ റോഡിലെ ഐരാറ്റുനടയിലേയ്‌ക്കു മാറ്റിയിട്ടു. ഇവിടെയും ദുർഗന്ധം പരന്നതോടെ ഓട്ടോ ഡ്രൈവർമാരും മറ്റും പ്രതിഷേധമുയർത്തി. ഇതോടെ അധികൃതരെത്തി. എന്നാൽ ആരുടെ പരിധിയിലാണ് ലോറി കിടക്കുന്നതിനെച്ചൊല്ലി മണർകാട്, വിജയപുരം പഞ്ചായത്തുകൾ തമ്മിൽ തർക്കമായി. വിവരമറിഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരെത്തി നടത്തിയ പരിശോധനയിൽ മീൻ പഴകിയതാണെന്ന് കണ്ടെത്തി. മീൻ നശിപ്പിക്കാൻ പഞ്ചായത്തിന്റെ സഹായം തേടിയെങ്കിലും 'അതിർത്തി തർക്കം" മൂലം ഇടപെട്ടില്ല.
ഐരാറ്റുനടയിൽ രണ്ടു പാലങ്ങൾക്കിടയിലാണ് ലോറി കിടന്നിരുന്നത്. ഇതാണ് തർക്കത്തിനിടയായത്. ഒടുവിൽ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി മുൻകൈ മീൻ കുഴിച്ചു മൂടാൻ നിർദേശം നൽകി. മാങ്ങാനത്തെ ജനവാസം കുറഞ്ഞ പ്രദേശത്ത് കൊണ്ടുപോയാണ് മീൻ കുഴിച്ചിട്ടത്.