വൈക്കം : തോരാമഴയിൽ തീരാദുരിതം അനുഭവിക്കുകയാണ് വേമ്പനാട്ട് കായലോര പ്രദേശങ്ങളിലും മുവാറ്റുപുഴയാറിന്റേയും കരിയാറിന്റേയും നാട്ടുതോടുകളുടേയും തീരങ്ങളിൽ താമസിക്കുന്നവർ. ജലാശയങ്ങളുമായി ബന്ധപ്പെട്ട ഉദയനാപുരം,തലയാഴം, ടി.വി പുരം, ചെമ്പ്, മറവൻതുരുത്ത്, വെച്ചൂർ, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലും വൈക്കം നഗരസഭയിലെ ചില പ്രദേശങ്ങളിലും വെളളം ഇപ്പോഴും കെട്ടി നിൽക്കുകയാണ്. വൈക്കം നഗരത്തിൽ ഒട്ടുമിക്ക ഓടകളും അന്ധകാര തോട്ടിലേയ്ക്കാണ് തുറക്കുന്നത്. വീതി വളരെ കുറഞ്ഞ തോടിന് താങ്ങാവുന്നതിലധികം വെള്ളമൊഴുകിയെത്തുന്നതാണ് നഗരമദ്ധ്യത്തിലെ തോട് കര കവിഞ്ഞ് വെള്ളപ്പൊക്കത്തിനിടയാക്കുന്നത്.
പല സ്ഥലങ്ങളിലും തോടുകൾ അടച്ചതും തോടുകളിലെ തടസവും വെള്ളക്കെട്ട് രൂക്ഷമാക്കി. വെച്ചൂർ 12ാം വാർഡിൽ തോട് അടച്ചതിനെ തുടർന്ന് പ്രദേശത്ത് വെള്ളം പൊങ്ങി ജനജീവിതം ദുരിതപൂർണമായി. വാർഡ് മെമ്പർ ആനി മാത്യുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ ജെ.സി.ബി ഉപയോഗിച്ച് തോട് തുറന്നതോടെ വെള്ളമിറങ്ങിയത്. വെച്ചൂർ, തലയാഴം, ഉദയനാപുരം, തലയോലപ്പറമ്പ് ,വെള്ളൂർ, മറവൻതുരുത്ത്, വൈക്കം നഗരസഭ പ്രദേശങ്ങളിലെ നെൽക്കൃഷിക്കും മഴ ഭീഷണിയാകുകയാണ്.
വൈദ്യുതി മുടക്കം, കർഷകർക്കും കണ്ണീർ
വെച്ചൂർ പഞ്ചായത്തിൽ കനത്ത മഴയിൽ പാടശേഖരങ്ങളിൽ നിറഞ്ഞ വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമത്തിലാണ് കർഷകർ. പക്ഷേ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് കർഷകരുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ്.
ഓടകളില്ല, വെള്ളക്കെട്ടിൽ മുങ്ങി
മഴയിൽ പ്രധാന നിരത്തുകളുടേയും ഉൾപ്രദേശത്തെ നിരത്തുകളിലും ഓടകളില്ലാത്ത ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായത് ജനജീവിതം ദുരിത പൂർണമാക്കി. വൈക്കം - ടി.വിപുരം റോഡിൽ മറ്റപ്പള്ളിപ്പാലത്തിനും മണ്ണത്താനത്തിനും മദ്ധ്യേ 40 മീറ്ററോളം ദൂരം റോഡ് പെയ്ത്ത് വെള്ളത്തിൽ മുങ്ങിയത് വാഹനയാത്രികരേയും കാൽനടയാത്രക്കാരേയും ഒരു പോലെ ദുരിതത്തിലാക്കി. വൈക്കം നഗരത്തിലെ ചെട്ടിമംഗലം റോഡും ഓടയില്ലാത്തതിനാൽ വെള്ളത്തിൽ മുങ്ങിയതോടെ ഉൾപ്രദേശത്തെ ജനങ്ങളുടെ യാത്ര ദു:സ്സഹമായി.