biriyani

കട്ടപ്പന: കട്ടപ്പനയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ രോഗികൾക്ക് വീണ്ടും ഗുണനിലവാരമില്ലാത്ത ഭക്ഷണം. വ്യാഴാഴ്ചയാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്നു എത്തിച്ച പഴകിയ ഭക്ഷണം നൽകിയത്. രോഗികൾ പരാതിപ്പെട്ടതിനെ തുടർന്ന് കളക്ടർ ഇടപെട്ട് മറ്റൊരു ഹോട്ടലിൽ നിന്നു ബിരിയാണി എത്തിച്ചുനൽകി. കഴിഞ്ഞ ഞായറാഴ്ച രോഗികൾക്ക് നൽകിയ ചോറിൽ ചെള്ളിനെ കണ്ടെത്തിയതിനെ തുടർന്ന് ജനകീയ ഹോട്ടലിനെതിരെ പ്രതിഷേധമുയർന്നിരുന്നു. രോഗികൾക്ക് തുടർച്ചയായി ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയതിൽ നഗരസഭയ്ക്കും അമർഷമുണ്ട്. കട്ടപ്പനയിലെ ചികിത്സാകേന്ദ്രത്തിൽ 60 പേർ നിലവിൽ ചികിത്സയിലുണ്ട്. ജനകീയ ഹോട്ടലിൽ നിന്നാണ് ഇവർക്ക് മുഴുവൻ ഭക്ഷണം നൽകിവരുന്നത്. വ്യാഴാഴ്ച രാത്രിയിൽ നൽകിയ ഭക്ഷണം പഴകിയതാണെന്നു കണ്ടതോടെ രോഗികൾ കളക്ടറെ ഫോണിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. തുടർന്ന് പുറത്തുനിന്നു ഭക്ഷണംനൽകാൻ കട്ടപ്പന വില്ലേജ് ഓഫീസർക്ക് കലക്ടർ നിർദേശം നൽകി. നഗരത്തിലെ ഹോട്ടലിൽ നിന്നു രാത്രി 9.30ഓടെ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ രോഗികൾക്ക് ബിരിയാണി എത്തിച്ചുനൽകുകയായിരുന്നു. കഴിഞ്ഞ 26നാണ് ഉച്ചയ്ക്കും രാത്രിയും നൽകിയ ഭക്ഷണത്തിൽ ചെള്ളിനെ കണ്ടെത്തിയത്. ഭക്ഷണം കിട്ടാതെ വലഞ്ഞ രോഗികൾക്ക് പിന്നീട് ലഘുഭക്ഷണം എത്തിച്ചുനൽകുകയായിരുന്നു. രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണത്തിനായി 20,000ൽപ്പരം രൂപയാണ് നഗരസഭ ദിവസവും ചെലവഴിക്കുന്നത്.