കോട്ടയം : ഏറ്റുമാനൂർ നഗരസഭ പൂർണമായും കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. നഗരസഭയിൽ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് നിർണയിക്കുന്ന ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ അധിക നിയന്ത്രണവുമുണ്ടാകും. കോട്ടയം നഗരസഭ11ാം വാർഡ്, എരുമേലി പഞ്ചായത്തിലെ -1, അതിരമ്പുഴ-11, 20, കാണക്കാരി-3, മുണ്ടക്കയം-12, അയർക്കുന്നം-15 എന്നീ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. പാറത്തോട് പഞ്ചായത്തിലെ 16ാം വാർഡ് പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ ഏറ്റുമാനൂർ നഗരസഭയിലെ 35 വാർഡുകൾ ഉൾപ്പെടെ 27 തദ്ദേശസ്ഥാപനങ്ങളിലായി 93 വാർഡുകൾ കണ്ടെയൻമെന്റ് സോണുകളാണ്.

ഏറ്റുമാനൂരിൽ ഇനി ഇവ മാത്രം

ആശുപത്രികൾ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയുടെ പ്രവർത്തനം.

ഭക്ഷ്യവസ്തുക്കളും അവശ്യ വസ്തുക്കളും വിൽക്കുന്ന സ്ഥാപനങ്ങൾ(റേഷൻ കടകൾ, പച്ചക്കറിപലചരക്ക് കടകൾ, മത്സ്യം, പാൽ, ഇറച്ചി, കാലിത്തീറ്റ, കോഴിത്തീറ്റ, വെറ്ററിനറി മരുന്നുകൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ മാത്രം) രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കാം.ഏറ്റവും അടുത്തുള്ള കടകളിൽ മാത്രം പോകുന്നതിനേ അനുവാദമുണ്ടാകൂ

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രാവിലെ ഏഴു മുതൽ 11 വരെ പാഴ്‌സൽ സർവീസ് മാത്രം അനുവദിക്കും. രാവിലെ 11നുശേഷം രാത്രി എട്ടു വരെ ഹോം ഡെലിവറി നടത്താം.

ഓഫീസുകൾ, ബാങ്കുകൾ, വാണിജ്യ ഇതര സ്ഥാപനങ്ങൾ എന്നിവയിൽ അത്യാവശ്യ ജീവനക്കാരെ മാത്രം നിയോഗിച്ച് ഉച്ചകഴിഞ്ഞ് രണ്ടു വരെ പ്രവർത്തിക്കാം.

ഓട്ടോറിക്ഷകളും ടാക്‌സികളും അനാവശ്യ സർവീസ് നടത്തരുത്.

കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് ജോലി ചെയ്യുന്നവരും കണ്ടെയ്ൻമെന്റ് സോണിനുള്ളിൽ അനുവദനീയമായ ജോലികൾക്ക് ഹാജരാകേണ്ടവരും സ്ഥാപനത്തിലെ ഐഡന്റിറ്റി കാർഡോ മേലധികാരിയുടെ കത്തോ ഹാജരാക്കണം

അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കൊഴികെ രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ വാഹന ഗതാഗതം അനുവദിക്കില്ല

ഗർഭിണികൾക്കും പത്തു വയസിൽ താഴെയുള്ളവർക്കും വൃദ്ധർക്കും ചികിത്സ ഒഴിയുള്ള യാത്രയ്ക്കും നിരോധനം

സംസ്‌കാരവും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങളും ഒഴികെയുള്ള ഒരു ചടങ്ങുകളും പാടില്ല. പരമാവധി 20 പേരെ പങ്കെടുക്കാവൂ