നെടുങ്കണ്ടം: പാറത്തോട്ടിൽ പുതുതായി നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. കുമളി- മൂന്നാർ സംസ്ഥാനപാതയിൽ പാറത്തോട്ടിലുണ്ടായിരുന്ന പാലമാണ് നവീകരിച്ചത്. 2018ലെ പ്രളയത്തിൽ അപ്രോച്ച് റോഡ് ഇടിഞ്ഞ് പാലം അപകടത്തിലായിരുന്നു. ഇതോടെ ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. പിന്നീട് അപ്രോച്ച് റോഡ് ബലപ്പെടുത്തിയ ശേഷമാണ് പുതിയ പാലം പൂർത്തിയാക്കിയത്. ഇതിനായി മന്ത്രി എം.എം. മണി ഇടപെട്ട് പൊതുമരാമത്ത് വകുപ്പിൽനിന്നും മൂന്നു കോടി രൂപ അനുവദിപ്പിക്കുകയായിരുന്നു. 2019 മാർച്ച് 16 നു തുടങ്ങിയ നിർമാണം കഴിഞ്ഞ മഴക്കാലത്ത് തടസപ്പെട്ടിരുന്നു. പാലത്തിന് 11.8 മീറ്റർ നീളവും ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാതയോടെ 11.5 മീറ്റർ വീതിയുമുണ്ട്. അടിമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എച്ച്.എ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലത്തിന്റെ നിർമാണം പൂർത്തികരിച്ചത്. മൂന്നിന് രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചാണ് ഉദ്ഘാടനമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.