vangogh-

പ്രശസ്തിയുടെ, സർഗാത്മകതയുടെ കൊടുമുടിയിൽ നിൽക്കവെ പാതി വായിച്ചടച്ച പുസ്തകംപോലെ, പാതി കണ്ടു നിറുത്തിയ സിനിമപോലെ ജീവിതത്തിൽ നിന്ന് ആരോടും യാത്രപറയാതെ സ്വയം ഇറങ്ങിപ്പോയവരെ കുറിച്ചാണ്.ലോകത്തിന് സംഭവിച്ച മഹാനഷ്ടങ്ങളെക്കുറിച്ച്....

1890 ജൂലായ് 27: ഭഗ്നഹൃദയനായ ഒരു സർഗോന്മാദി സ്വന്തം നെഞ്ചിലേക്ക് തോക്കിൻകുഴൽ ചേർത്തുവച്ച് കാഞ്ചിവലിച്ചു. മരണശേഷം ലോകം അയാൾ വരച്ച ചിത്രങ്ങളെ നോക്കി നെടുവീർപ്പെട്ടു. ആധുനിക ചിത്രകലയുടെ അമരക്കാരനെന്ന് അയാളെ വാഴ്ത്തി. എന്നാൽ,​ താൻ സ്വയംപ്രവേശിച്ച നിത്യോന്മാദ ലോകത്തിൽ വിൻസന്റ് വില്യം വാൻഗോഗ് എന്ന ആ ചിത്രകാരൻ അപ്പോഴും നിറങ്ങൾ കൂട്ടിക്കൊണ്ടേയിരുന്നു.

എന്നിലെ ദുഖങ്ങളെല്ലാം എന്റെ അവസാനം വരെയുണ്ടാകും എന്ന് പറഞ്ഞ് ജീവിതത്തെ പിന്തിരിഞ്ഞു നോക്കാതെ ഇറങ്ങിനടന്ന വാൻഗോഗിന് ഏറ്റവും ഇഷ്ടപ്പെട്ട നിറം മഞ്ഞയായിരുന്നിരിക്കണം. പൂക്കൾക്കും പ്രണയത്തിനും പ്രതീക്ഷകൾക്കും വിരഹത്തിനുമെല്ലാം അദ്ദേഹം മഞ്ഞനിറം നൽകി. ദക്ഷിണ ഫ്രാൻസിലെ ആൾസിലുള്ള നമ്പർ 2, പ്ലെയ്സ് ലാ മാർട്ടീൻ എന്ന വിലാസത്തിലുള്ള വാൻഗോഗിന്റെ വീടിന് പോലും മഞ്ഞനിറമായിരുന്നു,​ മഞ്ഞച്ചുവരുകളും മഞ്ഞവാതിലുകളുമുള്ള വീട്. ഒടുവിൽ മരണത്തെയും വിളറിയ മഞ്ഞനിറംകൊണ്ട് വാൻഗോഗ് അടയാളപ്പെടുത്തി. ജീവിതത്തോടുള്ള വെറുപ്പ് കൊണ്ടൊന്നുമായിരിക്കില്ല തനിക്ക് 37-ാം വയസ് തികയുന്നതിന് രണ്ടുദിവസം മുമ്പ്,​ സ്വന്തം നെഞ്ചിലേക്ക് അയാൾ വെടിയുതിർത്തത്. ലോകത്തോട്, ജീവിതത്തോട് മുഴുവൻ ഉന്മാദം കലർന്ന, അടങ്ങാത്ത അഭിനിവേശമായിരുന്നു വാൻഗോഗിന്. എന്തിനേറെ, സ്വന്തം ചെവിയറുത്ത് ശരീരം വിറ്റു ജീവിച്ചിരുന്ന തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് സമ്മാനിക്കാൻ മാത്രം ഭ്രാന്തമായിരുന്നു അയാളുടെ സ്നേഹംപോലും. ആ സ്നേഹത്തെ ഉൾക്കൊള്ളാൻ ലോകത്തിന് കഴിയില്ലെന്ന വിഷാദമാകാം ആ വെടിയുതിർക്കലിന് പിന്നിൽ.

ഉന്മാദവും വിഭ്രാന്തിയും ക്രിയാത്മകതയും കൂടിക്കുഴഞ്ഞ പ്രത്യേകതതരം മാനസിക നിലയ്ക്ക് അടിപ്പെട്ടിരുന്ന വാൻഗോഗിന്റെ,​ 'സ്റ്റാറി നൈറ്റ്സ്'(starry nights) തുടങ്ങി,​ മികച്ച സൃഷ്ടികൾ രൂപംകൊണ്ടത് അദ്ദേഹം താമസിച്ചിരുന്ന മാനസികാരോഗ്യകേന്ദ്രത്തിൽ വച്ചായിരുന്നു. വെറും ഒരു ദശാബ്ദത്തിനുള്ളിൽ തന്നെ 860 എണ്ണഛായ ചിത്രങ്ങൾ ഉൾപ്പടെ 2100 ഓളം ചിത്രങ്ങൾ സൃഷ്ടിച്ച വാൻഗോഗിന്റെ ചിത്രങ്ങളിൽ മിക്കവാറും എല്ലാം റെക്കാഡുകൾ തകർക്കുന്ന വിലയ്ക്കാണ് ഇപ്പോഴും വിറ്റുപോകുന്നത്. എന്നാൽ,​ വാൻഗോഗിനെ സംബന്ധിച്ച് ഏറ്റവും വലിയ വൈജാത്യം എന്താണെന്ന് വച്ചാൽ,​ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ വിറ്റുപോയത് ഒരേയൊരു ചിത്രം മാത്രമാണ്!

1994 ലെ മറ്റൊരു ജൂലായ് 27: താങ്ങാനാവാത്ത മാനസിക സമ്മർദ്ദത്തെ ആത്മഹത്യ കൊണ്ട് അതിജീവിക്കാമെന്ന് വ്യാമോഹിച്ച്,​ ജീവിതത്തെ തോൽപ്പിച്ച് ഒരു വിഖ്യാത ഫോട്ടോഗ്രാഫർ കടന്നു പോയി,​ കെവിൻ കാർട്ടർ,​ അതും തന്റെ 33-ാമത്തെ വയസിൽ. പിക്കപ്പ് വാനിന്റെ പുകക്കുഴലിനോട് ചേർത്ത് ഒരു റബർ ഹോസ് ഘടിപ്പിച്ച് അത് ക്യാബിനിലേക്ക് തിരിച്ചുവച്ച് പിക്കപ്പ് സ്റ്റാർട് ചെയ്തു. പിന്നെ പിക്കപ്പിനകത്ത് കയറി ഇരുന്ന് ഒരു പാട്ടും കേട്ട് കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരണത്തിന്റെ മരവിപ്പിലേക്ക് അയാൾ എടുത്തുചാടി. ലോകത്തെ ഏതൊരു മാദ്ധ്യമ പ്രവർത്തകനും കൊതിക്കുന്ന പുലിറ്റ്സർ പ്രൈസ് ലഭിച്ച് നാലു മാസങ്ങൾക്കകം,​ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് കാർട്ടർ ആത്മഹത്യ ചെയ്തത്. 1993 മാർച്ച് 26 ന് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച കഴുകനും പെൺകുട്ടിയും എന്ന ഫോട്ടോയ്‌ക്കായിരുന്നു കാർട്ടർക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചത്. വരണ്ട ഭൂമിയിലൂടെ ഇഴഞ്ഞു നീങ്ങുന്ന എല്ലുകൾ തുറിച്ചു നിൽക്കുന്ന കുട്ടിയെ ഒരു ഇര കിട്ടിയെന്ന സന്തോഷത്തിൽ ക്ഷമയോടെ നോക്കിയിരിക്കുന്ന കഴുകന്റെ ആ ചിത്രം ലോകത്തിനു മുഴുവൻ വേദന സമ്മാനിച്ച ഒന്നായിരുന്നു. അയാളുടെ മിക്ക ചിത്രങ്ങളും ലോകത്തിന്റെ കാഴ്ചകളെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്.

ദൈന്യതയും കലാപവും ക്രൂരതയും പട്ടിണിയും പകർത്തുന്ന ഫോട്ടോഗ്രാഫർക്ക് തന്റെ ക്യാമറ ഉപേക്ഷിച്ച് ഇവരെ രക്ഷപ്പെടുത്താൻ എന്തു കൊണ്ട് ഒരു ശ്രമം നടത്തി കൂടെയെന്ന് തോന്നിയിട്ടില്ലെ ? ഈ തോന്നൽ ഫോട്ടോഗ്രാഫറുടേത് കൂടിയാണ്. അതു കൊണ്ടാണ് ഈ ചോദ്യം കാർട്ടറെ നിരന്തരമായി വേട്ടയാടിയതും അയാളുടെ മനസ് ചാട്ടവാറയടിയേറ്റ് പിടഞ്ഞതും. ഇതായിരിക്കാം, മരണത്തിന്റെ വഴി തിര‌ഞ്ഞെടുക്കാൻ അയാളെ പ്രേരിപ്പിച്ചതിൽ പ്രധാനം.

തന്റെ പ്രണയകവിതകളിലൂടെ ലോകം തന്നെ സ്നേഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടും മരണത്തെ പ്രണയിച്ച്, കൂടെ ഇറങ്ങിപ്പോയവളാണ് സിൽവിയ പ്ലാത്ത്. തന്റെ അച്ഛന്റെ മരണമറിഞ്ഞയുടനെ ഇനിയൊരിക്കലും ഞാൻ ദൈവത്തോട് സംസാരിക്കുകയില്ലെന്ന് പറഞ്ഞ് അമ്മയെ അമ്പരപ്പിച്ചവൾ, എഴുതിപൂർത്തിയാക്കിയ നോവൽ പ്രസിദ്ധീകരിക്കാതെ കത്തിച്ചുകളഞ്ഞവൾ. പക്ഷേ അപ്പോഴൊക്കെ അതിരുകടന്ന ഭ്രമാത്മകതയുടെയും വിഷാദത്തിന്റെയും ലോകത്തായിരുന്നു സിൽവിയ പ്ലാത്തിന്റെ ജീവിതം. അതിന്റെ അവസാനമെന്നോണം സ്വന്തം ശിരസ് ടൗവലിൽ പൊതിഞ്ഞ് ഗ്യാസ് അടുപ്പിനുള്ളിലേക്ക് നീട്ടിവച്ച് അത്യധികം വേദനയേറിയ മരണത്തെ അവൾ സ്വീകരിച്ചു. മരണം ഒരു കലയാണെന്ന് വിശ്വസിച്ചിരുന്നവൾക്ക്,​ മരണത്തോടും സ്വയംപീഡയോടും ആഭിമുഖ്യം പുലർത്തിയിരുന്ന മനസുണ്ടായിരുന്ന ഒരുവൾക്ക് ഇതിലും ക്രിയാത്മകമായി എങ്ങനെ മരിക്കാനാകും?​

ശക്തമായ സ്ത്രീപക്ഷ എഴുത്തുകൾകൊണ്ട് ലോകസാഹിത്യത്തിൽ ഇടംപിടിച്ചപ്പോഴും,​ വിർജീനിയ വൂൾഫ് തന്റെ ഡയറിക്കുറിപ്പുകളിൽ കുറിച്ചുവച്ചത്,​ തന്റെ വിഷാദരോഗം മാറില്ലെന്നായിരുന്നു. ' ബിറ്റ്‌വീൻ ദ ആക്ട്‌സ്' എന്ന നോവൽ പൂർത്തിയാക്കിയതിനു ശേഷം കടുത്ത വിഷാദത്തിലേക്ക് നീങ്ങിയ വിർജീനിയ മരിക്കാനായി തിരഞ്ഞെടുത്ത വഴിപോലും വ്യത്യസ്തമായിരുന്നു. ഓവർകോട്ടിന്റെ പോക്കറ്റിൽ പാറക്കഷ്ണങ്ങൾ നിറച്ച് ഊസ് നദിയിലേക്ക് എടുത്തുചാടിയാണ് അവർ മരിച്ചത്.

''എന്റെ ജീവിതം അതിവേഗം തീരുകയാണെന്നോർക്കുമ്പോൾ, ഞാനതു വേണ്ടവിധം ജീവിക്കുകയല്ലെന്നോർക്കുമ്പോൾ എനിക്കു താങ്ങാൻ പറ്റാതെയാവുന്നു '' .- എന്നെഴുതിവച്ച്,​ ജീവിതത്തെ വ്യർത്ഥമെന്ന് കണക്കാക്കി,​ തന്റെ 61-ാം വയസിൽ അത് അവസാനിപ്പിക്കുമ്പോൾ ഏണസ്റ്റ് ഹെമിംഗ് വേ ലോകമറിയുന്ന എഴുത്തുകാരനും നോബേൽ സമ്മാന ജേതാവുമായിരുന്നു. തന്റെ കഥകളിലെ കഥാപാത്രങ്ങളെപ്പോലെതന്നെ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു മരണവും.

വിഷാദത്തിന്റെ വേലിയേറ്റത്തിൽ ലോകത്തിന് നഷ്ടപ്പെട്ട മഹാപ്രതിഭകളുടെ നിര ഇതിലുംവലുതാണ്. എന്നാൽ,​ ആ നിരയ്ക്ക് പൂർണവിരാമമിടാൻ നമുക്ക് കഴിയും.

(കുറിപ്പ്: ശരീരത്തിന്റെ ആരോഗ്യംപോലെതന്നെ പ്രധാനമാണ് മനസിന്റേതും. ആത്മഹത്യയല്ല അതിന് പരിഹാരം. ശരിയായ വൈദ്യചികിത്സയാണ്. ചേർത്തുനിറുത്തുന്ന കൈകളിൽ മുറുകെപ്പിടിച്ച്,​ ജീവിതത്തിന്റെ സൗന്ദര്യത്തെയും സർഗാത്മകതയേയും ആവോളംനുകർന്ന് നമുക്ക് അതിജീവിക്കാം. )​