തമിഴ് നാടൻ കലകളിലൊന്നാണ് തെരുക്കൂത്ത്. പ്രാചീനകാലത്ത് വളരെ പ്രശസ്തി നേടിയ ഒരു കലാരൂപം. നാടകരൂപത്തിലുള്ള വേഷങ്ങളോടുകൂടി ഒരു കഥ ആടിയും പാടിയും അവതരിപ്പിക്കുന്നതിനെയാണ് കൂത്ത് എന്നു പറയുന്നത്. തെരുക്കൂത്തെന്നാൽ തെരുവുനാടകം.
നാടക അരങ്ങോ, രംഗസംവിധാനങ്ങളോ ഇല്ലാതെ ലളിതമായ രീതിയിൽ തെരുവുകളിലും തുറസായ സ്ഥലങ്ങളിലും ജനങ്ങൾക്ക് അറിയാവുന്ന പുരാണേതിഹാസ കഥകളെ ആസ്പദമാക്കി നടത്തുന്ന കൂത്താണിത്. സാധാരണ ജനങ്ങൾക്ക് ഒരു നല്ല വിനോദോപാധി എന്നു മാത്രമല്ല, നീതിന്യായങ്ങളെ വിശദമാക്കുന്ന ഒരു കലാരൂപം കൂടിയാണിതെന്ന് 'കലൈക്കളഞ്ചിയം" എന്ന തമിഴ് കൃതി വ്യക്തമാക്കുന്നു. പൂർണമായും നാടോടി കലാപാരമ്പര്യമവകാശപ്പെടാവുന്ന ഈ കലാരൂപസാഹിത്യം വാമൊഴിയിൽ നിന്നും പകർത്തപ്പെട്ടവയാണ്. വളരെ കുറച്ച് ആഭരണങ്ങളും, തീർത്തും അസാധാരണമായ വേഷവിതാനങ്ങളോടും കൂടി അവതരിപ്പിക്കപ്പെടുന്ന കൂത്ത് ഓരോ പ്രാവശ്യവും പരിഷ്കരിക്കപ്പെടുന്നു എന്നാണ് കൂത്തിനെക്കുറിച്ച് ശ്യാംബെനഗൽ അഭിപ്രായപ്പെടുന്നത്.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ, ശരത്ക്കാലത്ത് ഗ്രാമത്തിന്റെ കാവൽ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ഉത്സവങ്ങൾ നടത്താറുണ്ട്. ഉത്സവത്തോടൊപ്പമാണ് പല രാത്രികളിലും തെരുക്കൂത്ത് ആടുന്നത്. ഇതുകൂടാതെ, മഴയ്ക്ക് വേണ്ടിയും ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനും മറ്റു വിശേഷാവസരങ്ങളിലും ഈശ്വരപ്രീതിക്ക് വേണ്ടി കൂത്ത് നടത്തുന്നു. ഒരാൾ മരിക്കുമ്പോൾ അയാളുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം കർണമോക്ഷം പോലുള്ള ചില പ്രത്യേകതരം കഥകളെ ആസ്പദമാക്കിയുള്ള കൂത്താണ് കലാകാരന്മാർ അവതരിപ്പിക്കുന്നത്. മറ്റു ചില അവസരങ്ങളിൽ രണ്ടു കുടുംബാംഗങ്ങൾ തമ്മിലുള്ള കുടിപ്പക തീർത്ത് സൗഹൃദമാകുമ്പോൾ കൂത്തിലൂടെ അത് സന്തോഷപൂർവം ആഘോഷിക്കാറുണ്ട്. ക്ഷേത്രത്തോട് ബന്ധമുള്ള തെരുക്കൂത്ത് ക്ഷേത്രത്തിനു സമീപമുള്ള തുറസായ സ്ഥലങ്ങളിൽ അല്ലെങ്കിൽ നാൽക്കവലകളിൽ അരങ്ങേറുന്നു.
വൈദ്യുതവിളക്കുകളുടെ സഹായമില്ലാത്ത ലളിതമായ ഒരു കലാരൂപമാണിത്. വീഥികളിൽ നടത്തുന്ന നടനങ്ങൾ, നാടകങ്ങൾ എന്നിവയല്ല തെരുക്കൂത്ത്. ആടാനുള്ളത് കൂത്ത് എന്ന അർത്ഥത്തിൽ കോലാട്ടം, കുമ്മി, കുംഭനൃത്തം (കരകാട്ടം), പൊയ്ക്കാൽ കുതിര തുടങ്ങിയ കലകളെയും തെരുക്കൂത്തെന്ന് ചില ഗ്രാമീണർ കരുതിപ്പോരുന്നു. 'മരം കൊണ്ടുണ്ടാക്കപ്പെട്ട ആഭരണങ്ങൾ അണിഞ്ഞ് മറ്റു വേഷവിതാനങ്ങളോടുകൂടി ഒരു കഥ ആടിയും പാടിയും നാടകരീതിയിൽ അവതരിപ്പിക്കുന്നതാണ് കൂത്ത്." മരയാഭരണങ്ങൾ അണിയാതെയും നടത്തുന്ന കൂത്തുകളുണ്ട്. ഇത് തെരുക്കൂത്തായി പരിഗണിക്കപ്പെടുന്നില്ല. അടി മുതൽ മുടിവരെ മരയാഭരണങ്ങൾ അണിഞ്ഞ് പാടി ആടുന്നത് തന്നെയാണ് തെരുക്കൂത്ത് എന്ന് കലൈകളഞ്ചിയം. അപ്പോൾ 'മരനിർമ്മിതമായ ആഭരണങ്ങൾ അണിഞ്ഞ് തുറസായ സ്ഥലങ്ങളിൽ ആടിയും പാടിയും നടത്തുന്ന ഗ്രാമീണ നാടകമാണ് തെരുക്കൂത്ത് എന്ന നിർവചനം സർവഥാ യോജിക്കും."
നാട്ടിൻപുറങ്ങളിലെ ക്ഷേത്രങ്ങളിൽ മീനമാസം മുതൽ കർക്കടകം വരെ തെരുക്കൂത്തുകൾ നടത്താറുണ്ട്. കൂത്ത് ആരംഭിക്കുന്ന ദിവസം രാവിലെ, 'ഏത് കൂത്ത് എവിടെ നടത്തുന്നു" എന്ന വിവരം ഗ്രാമസേവകർ പെരുമ്പറകൊട്ടി വിളംബരം ചെയ്യുന്നതിനു പുറമേ കലാകാരന്മാരും പ്രചരണം നടത്തും. രാത്രി ഒൻപതരയോടെ ഗ്രാമത്തിനകത്തും പുറത്തുമുള്ളവർ കൂത്ത് നടത്തുന്ന പ്രദേശത്ത് ഒത്തുകൂടും. ഇത് ക്ഷേത്രത്തിനു സമീപമുള്ള തുറസായ മൈതാനത്തോ, ക്ഷേത്രസമീപമുള്ള നാൽക്കവലകളിലോ ആയിരിക്കും. തുറസായ സ്ഥലങ്ങളിൽ നാടകയരങ്ങ് ഒരുക്കുന്നത് നമുക്ക് പുതുമയല്ല. പ്രാചീനകാലം മുതൽക്കേ നാടകം, നൃത്തം മറ്റു കൂത്തുകൾ എന്നിവ തുറസായ അരങ്ങുകളിലാണ് അരങ്ങേറിയിരുന്നത്. തെരുക്കൂത്തിനുള്ള അരങ്ങ് ഒരുക്കുന്നതിന് രണ്ടു തൂണുകൾ നാട്ടുന്നതാണ് ആദ്യചടങ്ങ്. ഈ രണ്ടുതൂണുകളെയും നീളമുള്ള ഒരു മുളകൊണ്ട് ബന്ധിപ്പിക്കുന്നു. ഇതിന്റെ രണ്ടുമൂലയിലും ഓരോ ഗ്യാസ് വിളക്കുകൾ ഘടിപ്പിക്കാറുണ്ട്. പണ്ടു കാലങ്ങളിൽ ഗ്യാസ് ലൈറ്റിനു പകരം പന്തങ്ങൾ ഉപയോഗിച്ചിരുന്നു. കഥാപാത്രങ്ങളുടെ വേഷഭൂഷാദികളും ഭാവങ്ങളും വ്യക്തമാക്കാൻ കഥാപാത്രങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് പ്രകാശം ക്രമീകരിക്കണം. അതിനായി പന്തം പിടിച്ചുനിൽക്കുന്ന ആളും കഥാപാത്രങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് ചലിക്കുന്നു. വിളക്കുകൾ ഘടിപ്പിച്ചിരിക്കുന്നതിനു പുറകിലുള്ള ഏറെ പ്രകാശമാനമായ ഭാഗമാണ് തെരുക്കൂത്തരങ്ങ്. ഇതിന് കളരി എന്നുപേർ. കളരിക്കു പുറകിൽ ഒരു ബെഞ്ചിൽ വാദ്യക്കാരും പിൻപാട്ടുകാരും ഉപവിഷ്ടരാകുന്നു. കളരിക്കുമുൻവശത്തുള്ള മൂന്നുഭാഗങ്ങളിലായി കാണികൾ അണിനിരക്കും.
മുഖത്ത് ചായം പുരട്ടുന്നതിനുമുമ്പായി ചമയങ്ങളെല്ലാം പുറത്തെടുത്ത് നിരത്തിവയ്ക്കും. നിലവിളക്കു കത്തിച്ച് കർപ്പൂരരാധനയോടുകൂടിയുള്ള പൂജയ്ക്കുശേഷം വാദ്യഘോഷത്തോടെ വേഷമണിയാൻ ആരംഭിക്കുന്നു. മുഖത്ത് ചായം പൂശി പുള്ളികുത്തിയശേഷം തല, തോൾ, മാറ്, കൈകൾ എന്നിവയിൽ മരയാഭരണങ്ങൾ അണിയുന്നു. സ്ത്രീവേഷങ്ങൾ പുരുഷന്മാർ തന്നെയാണ് ആടാറുള്ളത്.
പ്രേക്ഷകരുടെ മനം കവരുന്ന 'സൂത്രധാരൻ" ബഫൂൺ, വിദൂഷകൻ, പിരുതുകാമിയൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. നർമ്മം വാരിവിതറി തന്റെ കടമ നിർവഹിക്കുന്ന ഇയാൾ, കൂത്തിലെ ഒരു സുപ്രധാന കഥാപാത്രമാണ്. തിരശീലയ്ക്ക് പിന്നിൽ നിന്ന് സൂത്രധാരൻ സ്വയം പരിചയപ്പെടുത്തിയശേഷം തിരശീല മാറ്റി തന്റെ വീരാപദാനങ്ങൾ പാടിയാടിക്കൊണ്ട് രംഗത്തേക്ക് പ്രവേശിക്കുന്നു. തുടർന്ന് സഭാവാസികളെ അഭിവാദ്യം ചെയ്യുകയും അവതരിപ്പിക്കാൻ പോകുന്ന കഥ സംഭാഷണ രൂപേണ വിവരിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ചെറിയ വേഷങ്ങൾ അവതരിപ്പിക്കുക, ഇടയ്ക്കിടെ ചില രംഗങ്ങൾ പരിചയപ്പെടുത്തുക, സാമൂഹിക രാഷ്ട്രീയ സംഭവങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ച് പ്രേക്ഷകരിൽ ഫലിതം വിതറുക, കൂത്ത് അവസാനിപ്പിക്കുക എന്നിവയാണ് സൂത്രധാരന്റെ കർത്തവ്യങ്ങൾ. അപൂർവമായി സൂത്രധാരനും വേറൊരു ബഫൂണും രംഗത്തെത്തി അന്യോന്യം സംഭാഷണങ്ങളിലൂടെ കഥ പരിചയപ്പെടുത്തുന്നു.
സൂത്രധാരന് പകരമായി ചിലപ്പോൾ നാടകകൃത്ത് (കൂത്തിന് കഥയെഴുതുന്നയാൾ) കഥയും കഥാപാത്രങ്ങളും സദസ്യരുടെ മുമ്പിൽ പൂർണത കണ്ടെത്താൻ പ്രേക്ഷകരോട് നാടകകൃത്ത് അഭ്യർത്ഥിക്കുന്നു. കഥാപരിചയം കഴിഞ്ഞാൽപ്പിന്നെ സൂത്രധാരന്റെ വിഘ്നേശ്വര സ്തുതിയാണ്. ഇങ്ങനെ സ്തുതിക്കുമ്പോൾ കൂത്തരങ്ങിൽ ഗണപതിയുടെ ചിത്രം വച്ച് ആരാധിക്കുന്നു. ഒരു പൂജാരി ഗണപതി സ്തുതി നടത്തുന്നതും, ഭഗവാൻ അനുഗ്രഹിക്കുന്നതുമൊക്കെ തെരുക്കൂത്തിലുള്ളതാണ്. വിഘ്നേശ്വര പൂജയ്ക്കുശേഷം ഉചിതംപോലെ മറ്റ് ഈശ്വരന്മാരെയും വണങ്ങി അനുഗ്രഹത്തിന് അപേക്ഷിക്കുന്നു.
തെരുക്കൂത്തിലെ എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ വീരാപദാനങ്ങളാണ് ആദ്യമായി പാട്ടിലൂടെ ആവിഷ്കരിക്കുന്നത്. ഇവരുടെ ഗുണാതിശയങ്ങൾ കേൾക്കുമ്പോൾ ആത്മപ്രശംസയാണെന്ന ലജ്ജ പ്രേക്ഷകർക്ക് തോന്നാറില്ല. നേരെ മറിച്ച് ഈ ഗുണഗണങ്ങൾ ഓരോ കഥാപാത്രത്തിനും യോജിച്ചതാണ് എന്ന ഗൗരവപൂർണായ ചിന്തയാണുണ്ടാവുക. പരിചയപ്പെടുത്തലിനുശേഷം കഥ അവതരിപ്പിക്കുന്നു. വൃത്താലങ്കാരങ്ങളും നാടൻപാട്ടുകളുടെ ഗാനാത്മകതയും നിറഞ്ഞതാണ് കൂത്തിലെ പാട്ട്. കഥാപാത്രം ഒരുവരി പാടിയശേഷം പിന്നണി പാട്ടുകാരൻ അതേറ്റുപാടുന്നു. അരങ്ങിന്റെ ഒരുഭാഗത്ത് പിന്നണിക്കാരായി വീണ, മൃദംഗം, ഹർമോണിയം, ഗഞ്ചിറ എന്നീ വാദ്യോപകരണങ്ങളുമായി നാലുപേരുണ്ടായിരിക്കും. തെരുക്കൂത്ത് സംഘത്തിന്റെ എണ്ണമനുസരിച്ച് പിന്നണിക്കാർ അഞ്ചുമുതൽ പന്ത്രണ്ടുവരെ ആകാം. കഥാപാത്രങ്ങൾക്ക് വിശ്രമം നൽകുന്നതിനോ ഓരോ രംഗത്തിനുമിടയ്ക്ക് വിശദീകരണത്തിനോ വേണ്ടി പ്രത്യേക സംഭാഷണങ്ങൾ കൂത്തിൽ ഉൾപ്പെടുത്താറുണ്ട്. ഈ സംഭാഷണങ്ങൾ സൂത്രധാരനാണ് കൈകാര്യം ചെയ്യുന്നത്. ചില സന്ദർഭങ്ങളിൽ പാട്ടിന്റെ അർത്ഥം കഥാപാത്രങ്ങൾ തന്നെ സംഭാഷണരൂപേണ വിശദീകരിക്കുന്നു.
തെരുക്കൂത്തിലുപയോഗിക്കുന്ന പദങ്ങൾ, സംഭാഷണങ്ങൾ എന്നിവ ലളിതവും ഗ്രാമീണർക്ക് ഗ്രഹിക്കത്തക്കരീതിയിൽ കാവ്യഗുണത്തോടുകൂടിയതും ഗഹനമായി ചിന്തിക്കത്തക്കതും നീതിന്യായങ്ങളെ വിശദീകരിക്കുന്നതും ആയിരിക്കും. നാടോടിനൃത്തത്തെപ്പോലെ ലളിതമായ ചുവടുവയ്പ്പുകളോടുകൂടിയ തെരുക്കൂത്ത് ഒരു നാട്യനാടകമാണ്.
തെരുക്കൂത്തിലെ കഥാപാത്രങ്ങൾ ആടിക്കൊണ്ടാണ് പാടുന്നത്. കഥയിലെ സംഭവങ്ങൾ, സംഭാഷണങ്ങൾ എന്നിവയെല്ലാം പാട്ടിന്റെ രൂപത്തിലാണ്. അക്കാലത്ത് (പ്രാചീനകാലത്ത്) പാട്ടില്ലാത്ത നാടകം നൂലില്ലാത്ത വസ്ത്രത്തിനു തുല്യമാണെന്ന് തമിഴ് നാടകാചാര്യനായ പമ്മൽ സംബന്ധമുതലിയാർ പ്രസ്താവിക്കുന്നു. കൂത്തിലെ മുഖ്യാംശങ്ങളാണ് പാട്ടും കൂത്തും. ഇവിടെ ആട്ടത്തെയാണ് കൂത്തെന്ന് വിവക്ഷിക്കുന്നത്. ഉദാഹരണത്തിന് മറ്റാരുടേയും കണ്ണിൽപ്പെടാതെ ഒളിഞ്ഞു മറഞ്ഞുവരേണ്ടുന്ന കള്ളൻ പോലും കൂത്തിൽ ചിലങ്കയണിഞ്ഞ് ആടിപ്പാടി ആർഭാടത്തോടുകൂടിയാണ് വരുന്നത്.
രാത്രിയിൽ ആരംഭിക്കുന്ന കൂത്ത് പുലർച്ചെയാണ് അവസാനിക്കുന്നത്. സൂര്യഭഗവാനെ കണ്ടശേഷം മാത്രമേ കൂത്ത് അവസാനിപ്പിക്കാവൂ എന്നതാണ് പാരമ്പര്യരീതി. ഇത് 'കൂത്താടി കിഴക്ക് നോക്കുമ്പോൾ, കൂലിവേലക്കാരൻ പടിഞ്ഞാറ് നോക്കുന്നു" എന്ന പഴമൊഴി വ്യക്തമാക്കുന്നു. വൈകുന്നേരം, സൂര്യനെ നോക്കി സമയം തിട്ടപ്പെടുത്തി ജോലി തീർത്ത് കാശും വാങ്ങി വീട്ടിലേക്ക് പോകേണ്ടുന്ന ജോലിക്കാരന്റേതുപോലെയാണ്, രാത്രിയിൽ ആരംഭിക്കുന്ന കൂത്ത് സൂര്യനെ കിഴക്കുദിശയിൽ കണ്ടശേഷം അവസാനിപ്പിച്ച് വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന കൂത്താടിയുടെയും സ്ഥിതി. കൂത്ത് കണ്ടവർക്കും കേട്ടവർക്കും ആശംസകൾ നൽകി ദൈവത്തെ സ്തുതിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
പരിശുദ്ധി നിറഞ്ഞ ഒരു കലാരൂപമാണ് കൂത്ത്. ഇത് വെറുമൊരു സമയംകൊല്ലി കലയല്ല. ക്ഷേത്രകല, ഭക്തിയുളവാക്കുന്ന കലാരൂപം എന്നീ നിലകളിലാണ് തമിഴ്നാട്ടിലെ ജനങ്ങൾ കൂത്തിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.