അവതരിപ്പിച്ച കഥാപാത്രങ്ങളിലെല്ലാം സ്വന്തം കയ്യൊപ്പ് പതിപ്പിച്ച നടനാണ് സുരേഷ് കൃഷ്ണ. തന്റെ സിനിമകളിലെല്ലാം അഭിനയത്തെ ഹൃദയത്തോടു ചേർക്കുന്ന ആ ഇഷ്ടം കാണാം. സീരിയലിൽ നിന്നായിരുന്നു സുരേഷ് കൃഷ്ണ സിനിമയിലെത്തിയത്. താരത്തിന്റെ വിശേഷങ്ങൾ.
''ഒരു വരുമാനമാർഗമായി സീരിയലിലെ അഭിനയത്തെ കണ്ടു. തമിഴ് സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചു. അതാണ് 'കരുമാടിക്കുട്ടൻ", കരുമാടിക്കുട്ടനിലെ ശേഖരൻ എന്ന കഥാപാത്രം എന്റെ ജീവിതത്തിൽ വഴിത്തിരിവായി. 'സ്ത്രീ" എന്ന സീരിയലിലെ അഭിനയം കണ്ട് വിനയൻ സാറിന്റെ ഭാര്യയാണ് എന്നെക്കുറിച്ച് അദ്ദേഹത്തോട് പറയുന്നത്. കരുമാടിക്കുട്ടനിൽ അഭിനയിക്കുമ്പോൾ മലയാളത്തിലെ സിനിമാപ്രവർത്തകരിൽ അധികം പേരെയും എനിക്കറിയില്ലായിരുന്നു."" സുരേഷ് കൃഷ്ണ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.
ലോനി ആശാനും കഥാപാത്രങ്ങളും
കൊച്ചിയിൽ എനിക്ക് ഇപ്പോൾ ഉള്ളതെല്ലാം സിനിമ സൗഹൃദങ്ങളാണ്. ലാലേട്ടൻ ( സംവിധായകൻ ലാൽ) ചിലപ്പോൾ വീട്ടിലേക്ക് വിളിക്കും. അപ്പോൾ അവിടേക്ക് പോവും. ഞങ്ങളുടെ സംസാരം മുഴുവൻ സിനിമയെക്കുറിച്ചായിരിക്കും. ബിജു മേനോനും സച്ചിയുമെല്ലാം സിനിമയിലെ എന്റെ വലിയ സുഹൃത്തുക്കളാണ്. ഒാരോ സിനിമയും ഒാരോ തരത്തിൽ ബ്രേക്ക് തന്നിട്ടുണ്ട്. കുട്ടിസ്രാങ്കും പഴശിരാജയും പ്രതിഭാധനരായ സംവിധായകരുടെ സിനിമകളാണ്. അതിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നു. പഴശിരാജയിൽ അഭിനയിക്കുന്നതിന് പതിനഞ്ചുവർഷം മുൻപ് ഹരിഹരൻ സാറിനോട് ഞാൻ അവസരം ചോദിച്ചിട്ടുണ്ട്. ഷാജി എൻ. കരുൺ സാറിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്നത് പി.ശ്രീകുമാറാണ്. പിന്നെയാണ് കുട്ടിസ്രാങ്കിലേക്ക് വിളിക്കുന്നത്. ചവിട്ടുനാടക കലാകാരനായ ലോനി ആശാൻ എന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ്. സിനിമയിൽ അഭിനയിച്ചിരുന്നെന്ന് അടയാളപ്പെടുത്താൻ ഉതകുന്ന ശക്തമായ കഥാപാത്രങ്ങൾ. ഈ വർഷം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം" എന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞു. വീണ്ടും മോഹൻലാൽ സിനിമയുടെ ഭാഗമായതിൽ സന്തോഷമുണ്ടെങ്കിലും ഏറെ ആഹ്ളാദിപ്പിക്കുന്നത് പ്രണവ് മോഹൻലാലിനൊപ്പമാണ് എന്റെ സീനുകൾ എന്നതാണ്. ആ ചിത്രത്തിൽ മറ്റു ഭാഷാസിനിമകളിലെ പ്രതിഭാധനരോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് വലിയ കാര്യമാണ്. അതും പ്രിയൻ സാറിന്റെ സിനിമ. പ്രിയൻ സാറിന്റെ സിനിമയിൽ ആദ്യമായാണ് അഭിനയിക്കുന്നത്.
സൗഹൃദങ്ങളാണ് സമ്പത്ത്
സൗഹൃദങ്ങൾക്ക് എന്നും വലിയ വില കല്പിക്കുന്ന ആളാണ് ഞാൻ. സൗഹൃദങ്ങളാണ് എന്റെ ബാങ്ക് ബാലൻസ്. സിനിമയിൽ മാത്രമല്ല, പുറത്തും പല തട്ടുകളിലായി വിപുലമായ സൗഹൃദമുണ്ട്. നല്ല സൗഹൃദം ലഭിക്കുക എളുപ്പമല്ല. അതു നിലനിറുത്തി കൊണ്ടു പോവാനും കഴിയണം. ചെന്നൈയിലെ സുഹൃത്തുക്കൾ ഇടയ്ക്ക് വരാറുണ്ട്. വീണ്ടും മമ്മുക്കയോടൊപ്പം അഭിനയിച്ചു. വൺ എന്ന സിനിമയിൽ പ്രതിനായകവേഷമാണ്. നിഥിൻ രൺജിപണിക്കരുടെയും ജീൻ പോൾ ലാലിന്റെയും പുതിയ സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മമ്മൂക്കയോടൊപ്പമാണ് കൂടുതൽ സിനിമകൾ ചെയ്തത്. അതിനാൽ കൂടുതൽ സ്വാതന്ത്ര്യം മമ്മുക്ക നൽകുന്നു. ചെറിയ വേഷങ്ങൾ ചെയ്യുമ്പോൾ മുതൽ മമ്മൂക്കയ്ക്ക് അറിയാം. സരോവരം, വജ്രം തുടങ്ങി എത്രയോ മമ്മൂക്ക സിനിമകളിൽ ഞാൻ ചെറിയവേഷം ചെയ്തു. എന്റെ തുടക്കകാലത്തു തന്നെ മമ്മൂക്കയോട് അടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഒന്നാമനിലാണ് ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ജാക്ക് ആൻഡ് ഡാനിയേലിൽ ദിലീപിന്റെ ചേട്ടന്റെ വേഷമാണ്. ആ കഥാപാത്രം എനിക്ക് നൽകണമെന്ന് ദിലീപ് പറഞ്ഞു. അനാർക്കലിയും ഞാനുമാണ് കരിയറിൽ വഴിത്തിരിവായ മറ്റു രണ്ടുസിനിമകൾ.
നഷ്ടപ്പെട്ട തമിഴ് സിനിമ
തമിഴ് സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം ഇപ്പോഴും നടന്നിട്ടില്ല. കൊച്ചിയിൽ എത്തിയശേഷം തമിഴ് സിനിമാ ബന്ധം നഷ്ടപ്പെട്ടു. എന്നാൽ ഇപ്പോൾ തമിഴിൽ നിന്ന് അവസരം വരുന്നുണ്ട്. മികച്ച രീതിയിൽ അവിടെ പ്രവേശിക്കാനാണ് ആഗ്രഹം. മലയാളത്തിൽ നിന്ന് ലഭിക്കുന്നതുപോലെ ശക്തമായ കഥാപാത്രം തമിഴിൽ നിന്ന് ലഭിക്കുന്നില്ല.തമിഴ് എഴുതാനും വായിക്കാനും അറിയാം. തഞ്ചാവൂർ തമിഴും മധുര തമിഴും സേലം തമിഴും അറിയാം. 'തിരുവള്ളുവർ" സീരിയലിലെ നെടുങ്കൻ തമിഴ് ഡയലോഗ് മനഃപാഠം പഠിച്ചാണ് പറഞ്ഞത്. തെലുങ്കിൽ രണ്ടു സിനിമ ചെയ്തു. ഒരു സ്ഥിരം ഇമേജിൽ ഉൾപ്പെടരുതെന്നാണ് ആഗ്രഹം. എല്ലാ വേഷവും ചെയ്യുന്ന നടനായി അറിയപ്പെടാനാണ് താത്പര്യം. എന്നാൽ അവതരിപ്പിക്കുന്ന കഥാപാത്രം മികച്ചതാകണമെന്ന് മാത്രം. സിനിമയിൽ എത്തിയിട്ട് 29 വർഷമായി. അതു വലിയ കാര്യമാണ്. സാവധാനമാണ് ഒാരോ പടിയും കയറിയത്. ഇപ്പോഴും സിനിമ പഠിക്കുകയാണ്. ഇനിയും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം.എന്നും കൊച്ചിയിൽത്തന്നെ കഴിയണം. എല്ലാം സമ്മാനിച്ചത് കൊച്ചി നഗരമാണെന്ന് എന്നും ഒാർക്കാറുണ്ട്.
കുടുംബമാണ് പിന്തുണ
ഗുരുവായൂരാണ് നാട്. അച്ഛൻ ബാലകൃഷ്ണപണിക്കർ. അമ്മ പാർവതി. ചെന്നൈയിൽ സർക്കാർ സർവീസിലായിരുന്നു അച്ഛന് ജോലി. സിനിമയിലെ എന്റെ വളർച്ച കാണാൻ അച്ഛൻ ഉണ്ടായില്ല. മലയാളത്തിൽ ചെറിയ വേഷത്തിൽ അഭിനയിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. നിനക്ക് ഭക്ഷണവും താമസസൗകര്യവും കിട്ടുന്നുണ്ടോയെന്ന് അച്ഛൻ ചോദിക്കുമായിരുന്നു. സിനിമയിൽ തുടരാൻ എറണാകുളത്തു തന്നെ നിൽക്കണമെന്ന തോന്നൽ അനുഭവപ്പെട്ടു. അങ്ങനെ തൃപ്പൂണിത്തുറയിൽ താമസമാക്കി. തൃപ്പൂണിത്തുറയാണ് ഭാര്യ ശ്രീലക്ഷ്മിയുടെയും നാട്. അവർ ഇപ്പോൾ പിഎച്ച്.ഡി ചെയ്യുന്നു. മരട് ഗ്രിഗോറിയൻ പബ്ളിക് സ്കൂളിൽ മകൻ അനന്തകൃഷ്ണ ഏഴിലും മകൾ ഉണ്ണിമായ രണ്ടിലും പഠിക്കുന്നു. വീട്ടിൽ എല്ലാ കാര്യവും ഞാനാണ് ചെയ്യുന്നത്. നന്നായി പാചകം ചെയ്യും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതും ഞാൻ ഒറ്റയ്ക്കാണ്.