സെൻസസ് എടുക്കുമ്പോൾ സ്ത്രീ - പുരുഷൻ, വയസ്, സാമ്പത്തികം, വരുമാനം, ജാതി, മതം എന്നിവയൊക്കെ നോക്കും. പുറം കണക്ക് മാത്രം. ജനസംഖ്യ അറിയാൻ അതല്ലേയുള്ളൂ വഴി. ദൈവം പിശുക്ക് കാണിക്കുന്നത് നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതിലും സ്നേഹമുള്ള മനസുകളെ സൃഷ്ടിക്കുന്നതിലുമാണ്.
ജയശ്രീയുടെ അച്ഛന്റെ ചരമവാർത്ത പത്രത്തിൽകണ്ട് വന്ന പഴയ സുഹൃത്തായ രാജി പറഞ്ഞു. മരണാനന്തര ചടങ്ങുകളൊക്കെ കഴിഞ്ഞതിനാൽ ഒരു തിരക്കുമുണ്ടായിരുന്നില്ല. കോളേജിൽ പഠിക്കുന്ന കാലത്തേ ഇരുവരും പ്രത്യേക അടുപ്പമായിരുന്നു. നിസാരമായ കാര്യങ്ങളല്ല, ജീവിതത്തിന്റെ കഴമ്പുള്ള കാര്യങ്ങൾ ചർച്ചചെയ്യും. വളരെക്കാലത്തിനുശേഷമാണ് കാണുന്നതെങ്കിലും രാജി പഴയ രാജി തന്നെ എന്ന് ജയശ്രീ ഓർമ്മിപ്പിച്ചു. പുറത്തണിയുന്ന വേഷങ്ങളിലും ആഭരണങ്ങളിലുമല്ലാതെ മനുഷ്യന് എന്തു മാറ്റമാണ്? വാടകയ്ക്ക് കിട്ടുന്ന സുഖസൗകര്യങ്ങൾ. അതു നേടിയെടുക്കുന്നതാണെന്ന് തോന്നും. നേടിയതിന്റെ ഒരുതരി പോലും വാടകവീട്ടിൽ നിന്നിറങ്ങുമ്പോൾ കൊണ്ടുപോകാനാകില്ലേ. അങ്ങനെ വാടക വീടൊഴിയുന്നതല്ലേ മരണം. അതൊന്നും ആരും ചിന്തിക്കാറില്ലെന്ന് മാത്രം. ചിന്തിച്ചില്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടിവരുന്ന പല കാര്യങ്ങളും മനുഷ്യൻ ചെയ്യാതിരുന്നേനേ. രാജിയുടെ അളന്ന് തൂക്കിയുള്ള വാക്കുകൾ കേട്ട് ജയശ്രീയുടെ ഭർത്താവും താല്പര്യത്തോടെ ശ്രോതാവായി.
സുഹൃത്തായ എലിസബത്തിന്റെ ജീവിതത്തിലെ അഞ്ചുമിനിട്ട് വിശേഷം ഉദാഹരണമായി രാജി വിവരിച്ചു. എലിസബത്തിന്റെ ഭർത്താവ് ജോണി ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ചു. കണക്കുകളുടെ ലോകത്തായിരുന്നു ഔദ്യോഗിക ജീവിതമെങ്കിലും സ്നേഹവും അനുകമ്പയും അല്പം കൂടുതൽ. രാജി എലിസബത്തിനെ കാണാൻ ചെല്ലുമ്പോൾ ഇരുവരും തമ്മിൽ സൗന്ദര്യപ്പിണക്കത്തിലാണ്. കാര്യം വളരെ നിസാരം. വീട് പുതുക്കൽ നടക്കുകയാണ്. പഴയസാധനങ്ങൾ മാറ്റുന്നതിനിടയിൽ രണ്ടുവസ്തുക്കൾ കളയാൻ ഭർത്താവ് സമ്മതിക്കുന്നില്ല, ഒന്ന് ജോണിന്റെ അച്ഛൻ ഉപയോഗിച്ചിരുന്ന ഊന്നുവടി. മറ്റൊന്ന് ജോണിന്റെ അമ്മ കിടന്നിരുന്ന വാട്ടർ ബെഡ്. കൊച്ചുകുട്ടികൾ കളിപ്പാട്ടം ഉപേക്ഷിക്കാൻ വൈമനസ്യം കാട്ടും പോലെ. പഴയതൊക്കെ ഇങ്ങനെ മനസിൽ സൂക്ഷിക്കുന്നത് എന്തിന്? ഞാൻ കുറേ ശകാരിച്ചു. അവരൊക്കെ മണ്ണോട് മണ്ണായിട്ട് വർഷമെത്ര കഴിഞ്ഞു? ഇനിയും അതൊക്കെ ഓർക്കുന്നത് പഴഞ്ചനല്ലേ? ഊന്നുവടിയിൽ പിടിക്കുമ്പോൾ അച്ഛന്റെ കൈയിൽ തൊടുന്ന പോലെയാണത്രേ. വാട്ടർ ബെഡ് കാണുമ്പോൾ അമ്മയുടെ രോഗനാളുകളിൽ പരിചരിച്ചത് ഓർമ്മിക്കുമത്രേ.
എലിസബത്ത് ഭർത്താവിന്റെ സ്നേഹമനസിനെ കുറ്റപ്പെടുത്തുന്നത് അധിക സമയം കേട്ടുനിൽക്കാനായില്ല. രാജിയുടെ വാക്കുകൾ കേട്ട് ജയശ്രീയുടെ ഭർത്താവ് പറഞ്ഞു: ദൈവം വലിയ കർഷകനാണ്. സമ്പത്തിന്റെ നെല്ലും സൗന്ദര്യത്തിന്റെ ഗോതമ്പുമൊക്കെ വാരിവിതയ്ക്കും. നിഷ്കളങ്കതയുടെയും സ്നേഹത്തിന്റെയും വിത്തുകൾ കുറച്ചേ വിതയ്ക്കൂ. ആ വിത്തുകൾ മുളയ്ക്കുന്ന മനസുള്ളവരാണ് ഭാഗ്യവാന്മാർ, നല്ല മനുഷ്യർ.
(ഫോൺ : 9946108220)