സ്കൂളുകൾ തുറക്കുന്ന നാൾ പിന്നെയും നീട്ടിയിരിക്കുകയാണല്ലോ. ജൂലായ് 31 വരെ. അതിനിടെ വിക്ടർ ചാനലിലൂടെ സ്കൂൾ പാഠങ്ങൾ ലഭ്യമാക്കുന്നുണ്ട്. സ്വകാര്യ സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ നടത്തുന്നു. പ്രൈമറി വിഭാഗത്തിലെ കുട്ടികളെ വീട്ടിനുള്ളിൽ ഓൺലൈൻ ക്ലാസുകളിൽ പിടിച്ചിരുത്തുക എളുപ്പമല്ല എന്ന് എല്ലാവർക്കും അറിയാം.
ഓൺലൈൻ ക്ലാസുകളോട് വിദ്യാർത്ഥികൾക്ക് ആദ്യം ഉണ്ടാകുന്ന ആവേശം ക്രമേണ കുറയുമെന്നും നിരീക്ഷിക്കപ്പെടുന്നു. ഡിജിറ്റൽ വിഭജനം നിലവിലുള്ള സാമ്പത്തിക സാമൂഹ്യ വൈജ്ഞാനിക വേർതിരിവുകളെ പെരുപ്പിക്കുമെന്നും പലരും ഭയക്കുന്നു. വിദ്യാഭ്യാസം ഓൺലൈനായി മാറുമ്പോൾ കംപ്യൂട്ടറും ഇൻറ്റർനെറ്റും ഇല്ലാത്ത വീടുകളിലെ കുട്ടികൾ പിന്നെയും പിന്നാക്കം പോവുകയേ ഉള്ളൂ എന്ന ഭയവും ഇന്ന് വ്യാപകമാണ്. ഓൺലൈൻ ക്ലാസുകൾ ഇനി എത്ര തന്നെ കേമമാണെങ്കിലും സ്കൂളിൽ പോയി ഒന്നിച്ചിരുന്നു കളിച്ചും രസിച്ചും പഠിക്കുന്നതിന് ബദലാവുകയില്ല എന്ന പരമാർത്ഥവും നാമിപ്പോൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ആളുകൾ തമ്മിലുള്ള സമ്പർക്കം അപായകരമായിത്തീർന്ന വിചിത്ര ചരിത്രസന്ധിയിൽ നമുക്ക് പുതിയ രീതികൾ പരീക്ഷിക്കാതെ മറ്റെന്താണൊരു പോംവഴി? വിദ്യാഭ്യാസമേഖലയിൽ സർക്കാർ നടത്തുന്ന നൂതനമായ ഇടപെടലുകളുടെ ഉദ്ദേശ്യശുദ്ധി മാനിക്കുകയാണ് വേണ്ടത്. കോവിഡ് കാലത്തിലൂടെ കടന്നു പോയ മുന്നനുഭവം ആർക്കുമില്ലല്ലോ. സാധാരണ ക്ലാസ്സുകൾ സാദ്ധ്യമാവുന്നതെന്ന് എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാൻ ആർക്കുമിപ്പോൾ സാധിക്കില്ല. ആ തീയതി അനിശ്ചിതമായി നീളുമ്പോൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടാകുന്ന ആകാംക്ഷ സ്വാഭാവികം. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയല്ലാതെ നമുക്കിപ്പോൾ മറ്റൊന്നും ചെയ്യാനില്ല. അതൊരനുഗ്രഹമായി കാണണം. ഒരു മുപ്പതു കൊല്ലങ്ങൾക്കു മുൻപാണ് ഈ രോഗം വ്യാപിച്ചിരുന്നതെങ്കിൽ അന്നത്തെ വിദ്യാർത്ഥികൾക്ക് ഈ സൗകര്യമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് നമ്മൾ മറന്നു പോകുന്നു. ഈ തലമുറയുടെ ഭാഗ്യമാണ് അപാരസാദ്ധ്യതകളുള്ള പുത്തൻ സാങ്കേതിക വിദ്യകൾ. അതുകൊണ്ടു തന്നെ ഈ സാങ്കേതിക വിദ്യകളെ ഹൃദയം തുറന്ന് സ്വീകരിക്കാനും അവയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുമുള്ള സന്നദ്ധത മാത്രമേ ഈ പ്രതിസന്ധിയെ അതിജീവിക്കാൻ നമ്മെ സഹായിക്കൂ. അവ പ്രയോജനപ്പെടുത്തുന്നില്ലെങ്കിൽ അത് ബുദ്ധിമോശമായിരിക്കും. ഇന്റർനെറ്റ് സൗകര്യത്തോടെ കമ്പ്യൂട്ടറോ മൊബൈൽ ഫോണോ കുട്ടികളെ ഏൽപ്പിച്ചാൽ അവർ അത് ദുരുപയോഗപ്പെടുത്തുകയില്ലേ എന്ന ഭയം ഇപ്പോഴും വിട്ടുമാറാത്ത അനേകം രക്ഷിതാക്കളുണ്ട്. കുട്ടി വേണ്ടാത്തതൊക്കെ കാണില്ലേ എന്ന ഭയമാണ് പലർക്കും. എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്ന മകൾക്കു മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിന് ഭർത്താവിനെതിരെ ആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടമ്മയെ എനിക്കറിയാം. ആ കൂട്ടി അതോടെ നശിച്ചു പോകുമെന്നാണ് അവരുടെ ഭയം. സ്വന്തം കുട്ടികളെ ആദ്യം വിശ്വസിക്കാൻ ശീലിക്കണം. മൂർച്ചയുള്ള കത്തി മൂന്നോ നാലോ വയസ്സായ കുഞ്ഞിന്റെ കൈയിൽ ആരും കൊടുക്കാറില്ലല്ലോ. എന്നാൽ ഏഴെട്ടു വയസുള്ള കുട്ടി കത്തി ഉപയോഗിക്കുമ്പോൾ അത് സൂക്ഷിച്ചുപയോഗിക്കാൻ അവനെ നമ്മൾ പരിശീലിപ്പിക്കും. കൈ മുറിയാതെയും മറ്റു അപകടങ്ങൾ വരുത്താതെയും മൂർച്ചയുള്ള കത്തി ഉപയോഗിക്കുന്നതെങ്ങനെയെന്ന് കുട്ടി പഠിക്കുന്നു. കുട്ടി ശ്രദ്ധിച്ചുകൊള്ളും എന്ന ധൈര്യം നമുക്കും ഉണ്ടാകുന്നു. ഒരിക്കലും കത്തി കൊടുക്കാതെ ഒളിപ്പിച്ച് വയ്ക്കലല്ല പരിഹാരം. ഉത്തരവാദിത്തത്തോടെ അതുപയോഗിക്കാൻ കുട്ടിക്ക് പ്രാപ്തിയുണ്ടാക്കുകയാണ് രക്ഷിതാവ് ചെയ്യേണ്ടത്. ഏതു സാങ്കേതിക വിദ്യയെയും സമീപിക്കേണ്ടത് ഇതേ മനോഭാവത്തോടെയാണ്.
കുട്ടികൾക്കു സ്കൂളിൽ പോകാൻ കഴിയാതിരിക്കുന്ന ഈ സാഹചര്യത്തിൽ, കമ്പ്യൂട്ടർ വഴി പരമാവധി വിഷയങ്ങളും, ഇതുവരെ കാണാത്ത വിധം രസകരമായ പാഠങ്ങളും ഇൻറ്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ മക്കളെ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനുള്ള അവസരമാണിത്. ഈ പ്രക്രിയയിൽ രക്ഷിതാവും മക്കളും ഒരുപോലെ പങ്കാളികളാകളായെങ്കിലേ പഠനം ആസ്വാദ്യമാകൂ. പഠിത്തമെന്ന പ്രക്രിയയെക്കുറിച്ചുള്ള വളരെ സങ്കുചിതമായ നിർവചനം തിരുത്താനും കൂടിയുള്ള അവസരമായി ഇതിനെ കാണണം. ഓരോ പാഠത്തിന്റെയും വിവിധ മാനങ്ങൾ ഇൻറ്റർനെറ്റ് ക്ലാസുകളിലൂടെ അറിഞ്ഞുകഴിയുമ്പോൾ കുട്ടികൾക്ക് പഠിത്തത്തിൽ പുതിയ രസം കൈവരും. പരീക്ഷ ജയിക്കൽ മാത്രമല്ല വിദ്യാഭ്യാസമെന്നു രക്ഷിതാക്കൾക്കും കുട്ടികൾക്കും മനസ്സിലാക്കാൻകൂടി ഈ സാഹചര്യം ഉപയോഗപ്പെടുത്തണം. അങ്ങനെയാണ് ഈ പ്രതിസന്ധി അവസരമാകേണ്ടത്. വിദ്യാർത്ഥികളുടെ നിലവാരം ഉയരേണ്ടത്.
ഉന്നതവിദ്യാഭ്യാസം നന്നാക്കാൻ പല നിർദ്ദേശങ്ങളും സർക്കാർ പരിഗണക്കുകയാണല്ലോ. സ്കൂൾ വിദ്യാഭ്യാസ നിലവാരം വളരാതെയും വിദ്യാർത്ഥികൾക്കു അറിവിനോടുള്ള ബന്ധം പരീക്ഷാവിജയത്തിനതീതമായി നിർവചിക്കപ്പെടുകയും ചെയ്യാതെ ഉന്നത വിദ്യാഭ്യാസം മാത്രമായി നന്നാക്കാൻ സാധിക്കുകയില്ല. കുട്ടികളെ വീട്ടിൽ കിട്ടിയിരിക്കുന്ന ഈ സമയം മാതാവിനും പിതാവിനും സ്വന്തം മക്കളുടെ അദ്ധ്യാപകരായി മാറാനുള്ള സുവർണാവസരമാണ്. രക്ഷിതാക്കൾ അദ്ധ്യാപകരുടെ കുപ്പായം അണിയുമ്പോൾ തങ്ങളുടെ കുട്ടികളുടെ കഴിവുകളും അഭിരുചികളും ദൗർബല്യങ്ങളും നേരിട്ടറിയാൻ സാധിക്കും. ഹോംവർക്ക് ചെയ്യുന്നതിൽ സ്ഥിരമായി (അതിരുവിട്ടു) കുട്ടിയെ സഹായിക്കുന്ന അമ്മമാർ കുട്ടിയുടെ വളർച്ചയെയാണ് നിരന്തരം തടസപ്പെടുത്തുന്നതെന്നും മനസ്സിലാക്കാം. അറിവ് അന്വേഷിക്കാൻ കുട്ടികളെ പ്രാപ്തരാക്കലാണ് യഥാർത്ഥ വിദ്യാഭ്യാസം. അറിവ് മൂലധനമായി മാറിയ പുതിയ ലോകത്ത് കാണാപ്പാഠം പഠിച്ച് എ പ്ലസ് വാങ്ങുന്നതിലല്ല മികവെന്നും അറിയേണ്ട കാലമായി.