bel

ബ്രസൽസ്: വർഷങ്ങൾ നീണ്ട കുടിയേറ്റ വംശീയ അധിക്ഷേപങ്ങൾക്കും നടപടികൾക്കും ആറു പതിറ്റാണ്ടിനു ശേഷം മാപ്പ് പറഞ്ഞ് ബെൽജിയൻ രാജാവ് ഫിലിപ്പെ. ഡെമോക്രാറ്റിക് റിപ്പബ്ളിക് ഒഫ് കോംഗോയോടാണ് രാജാവ് തന്റെ ക്ഷമാപണം അറിയിച്ചിരിക്കുന്നത്. രാജ്യം തങ്ങളുടെ അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് കോംഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡിക്കയച്ച കത്തിൽ രാജാവ് ക്ഷമാപണം നടത്തിയിരിക്കുന്നത്. 19-ാം നൂറ്റാണ്ട് മുതൽ തങ്ങളെ അടക്കി ഭരിച്ച ബെൽജിയത്തിൽനിന്ന് 1960ലാണ് കോംഗോ സ്വാതന്ത്ര്യം നേടുന്നത്. ആയിരക്കണക്കിന് ആഫ്രിക്കക്കാരുടെ ജീവനാണ് ബെൽജിയത്തിന്റെ രക്തരൂക്ഷിത നടപടികളിൽ പൊലിഞ്ഞത്. ഈ അക്രമത്തിന് നേതൃത്വം നൽകിയ ലിയോപാഡ് രണ്ടാമൻ രാജാവിന്റെ പിൻഗാമിയാണ് ഫിലിപ്പെ രാജാവ്. തന്റെ മുൻഗാമികൾ ചെയ്ത തെറ്റിന് അഗാധമായ മാപ്പ് ചോദിക്കുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന വിശേഷമായുള്ള പങ്കാളിത്തത്തിൽ അഭിമാനിക്കുന്നുവെന്നും വർണവെറിക്കെതിരെ പോരാടുമെന്നും രാജാവിന്റെ കുറിപ്പിൽ പറയുന്നു.

ആഫ്രോ - അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെത്തുടർന്ന് ബെൽജിയത്തിലും പ്രതിഷേധസമരങ്ങൾ നടന്നിരുന്നു. രാജ്യത്ത് കോളനിവാഴ്ചയുടെ നേതാവായി കരുതപ്പെടുന്ന ലിയോപാഡ് രണ്ടാമൻ രാജാവിന്റെ പ്രതിമ പ്രതിഷേധക്കാർ തകർത്തിരുന്നു. മാത്രമല്ല,​ ആൻഡ്‌വെർപ്പിൽ സ്ഥിതി ചെയ്തിരുന്ന പ്രതിമ ഭരണകൂടം നീക്കം ചെയ്തിരുന്നു.