വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അണിയറയിൽ ഇന്ത്യൻ സാന്നിദ്ധ്യം.ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഡിജിറ്റൽ സ്റ്റാഫ് മേധാവിയായാണ് ഇന്തോ അമേരിക്കൻ വംശജയായ മേധ രാജ് നിയമിതയായിരിക്കുന്നത്.
ഇതാദ്യമായല്ല മേധ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സഹകരിക്കുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന കമല ഹാരിസ്, പീറ്റ് ബുട്ടിജ്, ഹിലറി ക്ലിന്റൺ എന്നീവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മേധ പങ്കെടുത്തിട്ടുണ്ട്.
ജോർജ് ടൗൺ സർവകലാശാലയിൽ നിന്ന് ബിരുദവും സ്റ്റാൻഫോർഡിൽ നിന്നും എം.ബി.എയും പൂർത്തിയാക്കിയശേഷം സ്പെയ്ൻ ഇലാങ്കൊറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു മേധ. അമേരിക്കൻ പ്രസിഡന്റും റിപ്പബ്ളിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന്റെ ഓൺലൈൻ പ്രചാരണവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പുറകിലായിരുന്നു ബൈഡന്റെ ഓൺലൈൻ പ്രചാരണം. എന്നാൽ മേധയ്ക്കു കീഴിലുള്ള പുതിയ സംഘത്തിന്റെ പ്രവർത്തനം ഇതെല്ലാം മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിലെ അഭിപ്രായവോട്ടെടുപ്പ് പ്രകാരം 77കാരനായ ജോ ബൈഡൻ 74കാരനായ ഡൊണാൾഡ് ട്രംപിനെക്കാൾ എട്ടു ശതമാനം കൂടുതൽ പോയിന്റ് നേടിയിട്ടുണ്ട്.
നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂന്നിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് മേധ ബൈഡന് വേണ്ടി രൂപീകരിച്ചിട്ടുള്ളതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.