ജമ്മുകാശ്മീർ: കാശ്‌മീരിലെ സോപോറിലുണ്ടായ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് ജവാന് വീരമൃത്യു.ആക്രമണത്തിൽ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. സി.ആര്‍.പി.എഫ് പട്രോളിങ് സംഘത്തിന് നേരെയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്.സ്ഥലത്ത് കൂടുതൽ സൈനികർ എത്തിയിട്ടുണ്ട്. ഭീകരർക്കായി പ്രദേശം വളഞ്ഞ് സൈന്യം തിരച്ചിലാരംഭിച്ചു.
ജമ്മുവിൽ ഭീകർക്കെതിരായ നടപടി സൈന്യം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ കാശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ സൈന്യം വധിച്ചിരുന്നു.ജൂണിൽ മാത്രം സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത് മുപ്പത്തഞ്ചിലേറെ ഭീകരരെയാണ് . ഈ വർഷം ഏറ്റുമുട്ടലിലൂടെ നൂറ്റി ഇരുപതോളം ഭീകരരെയാണ് സൈന്യം വധിച്ചത്.
അനന്ത്നാഗിൽ പാകിസ്ഥാൻ ആസ്ഥാനമായ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ കമാൻഡർ മസൂദ് എന്ന റഹിയെ വധിച്ചതാണ് പ്രധാന നേട്ടം. മസൂദിന്റെ വധത്തോടെ ജമ്മുകാശ്‌മീരിലെ ദോഡ ജില്ലയെ ഭീകരവിമുക്തമായി പ്രഖ്യാപിച്ചു.ഖുൽ ചൊഹാർ റാണിപ്പോരയിൽ ഭീകരർ ഒളിച്ചുതാമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യവും അനന്ത്നാഗ് പൊലീസും പ്രദേശം വളഞ്ഞ് നടത്തിയ ആക്രമണത്തിലാണ് മസൂദും രണ്ട് ലഷ്‌കർ ഇ തയ്ബ ഭീകരരും ജമ്മുകാശ്‌മീർ സ്വദേശികളുമായ താരിഖ് ഖാൻ, നദീം എന്നിവരും കൊല്ലപ്പെട്ടത്. ദോഡ ജില്ലയിലെ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് മസൂദ് ആയിരുന്നു.