unlock

തിരുവനന്തപുരം: രണ്ടാംഘട്ട തുറക്കൽ(അൺലോക്ക് 2) ഇന്നുമുതൽ നിലവിൽ വന്നു. എന്നാൽ സ്കൂളും കോളേജുകളും ബാറുകളും സിനിമാ തീയേറ്ററുകളുമൊക്കെ ഈ ഘട്ടത്തിലും അടഞ്ഞുതന്നെ കിടക്കും. മറ്റുരാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്ര, മെട്രോ റെയിൽ എന്നിവയ്ക്കും നിരോധനമുണ്ട്. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരിശീലനകേന്ദ്രങ്ങൾ ജൂലായ് 15 മുതൽ തുറക്കും. ഇതിനുള്ള പ്രത്യേക നിർദ്ദേശങ്ങൾ അടുത്തുതന്നെ ഇറങ്ങും. ജിം, ബാർ, നീന്തൽക്കുളങ്ങൾ,ഒാഡിറ്റോറിയങ്ങൾ എന്നിവയും അടഞ്ഞുതന്നെ കിടക്കും. ഇതിനൊപ്പം മത, രാഷ്ട്രീയ, കലാ-കായിക വിനോദസമ്മേളനങ്ങൾ, വലിയ കൂട്ടംചേരലുകൾ എന്നിവയ്ക്കും അനുവാദമില്ല. കേന്ദ്രത്തിന്റെ തീരുമാന പ്രകാരം മാത്രമായിരിക്കും ഇവ അനുവദിക്കുക. 65 വയസിന് മുകളിലുള്ളവർ, പത്തുവയസിന് താഴെയുള്ളവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവർ വീടുകളിൽ തന്നെ കഴിയണം.

രാത്രികാല കർഫ്യൂ കർശനമായി നടപ്പാക്കാനാണ് തീരുമാനം. രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യൂ തുടരും.എന്നാൽ വ്യവസായശാലകളുടെ പ്രവർത്തനം, ചരക്കുനീക്കം, ഗതാഗതം എന്നിവ അനുവദിക്കും. ആവശ്യമെങ്കിൽ കർഫ്യൂ നടപ്പാക്കാൻ 144-ാം വകുപ്പ് പ്രഖ്യാപിക്കുന്നതടക്കമുള്ള നിയമനടപടികൾ ബന്ധപ്പെട്ടവർക്ക് സ്വീകരിക്കാം. അന്തർസംസ്ഥാനയാത്രയ്ക്ക് പാസോ പെർമിറ്റോ ആവശ്യമില്ലെങ്കിലും കേരളത്തിലേക്കുള്ള വരവിന് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന തുടരും.

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ജൂലായ് 31വരെ കർശനമായി തുടരാനാണ് തീരുമാനം. ആവശ്യമെങ്കിൽ ഇൗ പ്രദേശങ്ങളിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ കളക്ടർമാർക്ക് സ്വീകരിക്കാം.

ആരോഗ്യപരമായ കാരണങ്ങൾക്കും അത്യാവശ്യസേവനങ്ങൾ,സാധങ്ങൾ എന്നിവയ്ക്കു വേണ്ടിയല്ലാതെ കണ്ടെയ്ൻമെന്റ് സോണുകളിൽ യാത്ര അനുവദിക്കില്ല.കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് രോഗംപടരാൻസാധ്യതയുള്ള ബഫർസോണുകൾ വിജ്ഞാപനം ചെയ്ത് ജില്ലാഭരണകൂടത്തിന് നിയന്ത്രണം ഏർപ്പെടുത്താനും അനുവദിച്ചിട്ടുണ്ട്.