ന്യൂഡൽഹി: ജൂൺ 29ന് കറാച്ചി സ്റ്റോക്ക് എക്സേഞ്ചിനുനേരെയുണ്ടായ ഭീകരാക്രമണത്തിനുപിന്നിൽ ഇന്ത്യയാണെന്ന തെളിവുകളില്ലാതെയുള്ള പാകിസ്ഥാന്റെ പ്രസ്താവനയെ അപലപിക്കാൻ യു.എൻ സെക്യൂരിറ്റി കൗൺസിൽ വൈകിയതിനുപിന്നിൽ ചൈനയാണെന്ന് റിപ്പോർട്ട്. ചൈനയുടെ സ്വാധീനത്തെത്തുടർന്ന് പാകിസ്ഥാന്റെ പ്രസ്താവനയെ അപലപിക്കുന്ന കാര്യത്തിൽ സെക്യൂരിറ്റി കൗൺസിൽ ഏറെസമയം നിശബ്ദത പാലിച്ചു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ദരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
19പേരുടെ മരണത്തിനിടയാക്കിയ സ്റ്റോക്ക് എക്ചേഞ്ചിലെ ആക്രമണത്തിനുപിന്നിൽ ഇന്ത്യയാണെന്ന് പാക് പാർലമെന്റിലാണ് ഇമ്രാൻഖാൻ പ്രസ്താവന നടത്തിയത്. ആക്രമണത്തിനുപിന്നിൽ ഇന്ത്യയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്നായിരുന്നു ഇമ്രാൻ ഖാൻ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ നൽകാൻ ഇമ്രാൻഖാൻ തയ്യാറായില്ല. അതോടെ ആരോപണം നിഷേധിച്ച് ഇന്ത്യ രംഗത്തെത്തി. പ്രസ്താവന അസംബന്ധമാണെന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ വക്താവിന്റെ മറുപടി.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തിരുന്നു. മുംബയ് ഭീകരാക്രമണത്തിന്റെ മാതൃകയിൽ ആക്രമണം നടത്താനും ആളുകളെ തട്ടിയെടുക്കാനുമാണ് ഭീകരർ ലക്ഷ്യമിട്ടത്. എന്നാൽ ഭീകരരുടെ ലക്ഷ്യം നടപ്പാക്കാനായില്ല.