ventilators

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അനുവദിച്ച 175 വെന്റിലേറ്ററുകളിൽ തകരാറുകളെന്ന് റിപ്പോർട്ട്. ഡൽഹി ലോക്‌നായക് ആശുപത്രിയിലാണ് വെന്റിലേറ്ററുകൾക്ക് കീ മോഡ് (ബെെപാപ്പ്) സൗകര്യമില്ലെന്ന് അധികൃതർ ആരോപിച്ചത്. സംഭവം ആരോഗ്യ ഡയറക്ടറേറ്റിനെ (ഡി.ജി.എച്ച്.എസ്)​അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ഈ മോഡിൽ സജ്ജീകരിച്ചിരിക്കുന്ന 250 ബെെബാപ്പ് മെഷീനുകൾ കൂടി ആശുപത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡിനെ തുടർന്ന് അടിയന്തര ആവശ്യങ്ങൾക്കായുള്ള പി.എം കെയേഴ്സ് ഫണ്ടിൽ നിന്നാണ് വെന്റിലേറ്ററുകൾ ഡൽഹി ആശുപത്രിക്ക് നൽകിയത്. ഇൻട്യുബേഷൻ ഇല്ലാതെ ശ്വാസകോശത്തിലേക്ക് ഓക്സിജൻ എത്തിക്കുന്ന സാങ്കേതികവിദ്യയാണ് ബെെപാപ്പ്(BiPAP). "കുറഞ്ഞ രോഗികൾക്ക് മാത്രമാണ് ഇന്റുബേഷൻ നൽകുന്നത്. കൂടുതലും നൽകുന്നത് നോൺ ഇൻവാസിവ് വെന്റിലേറ്ററാണ്. 10% മുതൽ 15 % രോഗികൾക്ക് മാത്രമേ വെന്റിലേറ്റർ ഉപയോഗിക്കാൻ സാധിക്കൂ. ഈ മെഷീനുകളുടെ ഉപയോഗക്ഷമത വളരെ കുറവാണ്" -ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.

നഗരത്തിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയാണ് ലോക്നായക്. ഐസിയുവിൽ 100 കിടക്കകൾ ഉൾപ്പെടെ മൊത്തം 2000 കിടക്കകൾ ഉൾപ്പെടുത്തിയ സൗകര്യം ഇവിടെയുണ്ട്. 500 കിടക്കകളുള്ള ഐസിയു സൗകര്യവും സജ്ജീകരണവും നടക്കുകയാണ്. കേന്ദ്രത്തിന്റെ കൂടുതൽ വെന്റിലേറ്ററുകൾ ലഭിച്ചതും ഡൽഹി ആശുപത്രിക്കാണ്.

കേന്ദ്രസർക്കാർ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കൊവിഡ് ആശുപത്രികൾക്ക് 50,​000 മേഡ് ഇൻ ഇന്ത്യ വെന്റിലേറ്ററുകൾ വിതരണം ചെയ്യുന്നതിനായി 2,​000 കോടി അനുവദിച്ചിരുന്നു. ഇതുവരെ 2,​923 വെന്റിലേറ്ററുകൾ നിർമിച്ചു,​ അതിൽ 1,​340 എണ്ണം സംസ്ഥാനങ്ങൾക്ക് കെെമാറി. പ്രധാനമായും മഹാരാഷ്ട്ര-275, ​ഡൽഹി-275,​ ഗുജറാത്ത് -175,​ബീഹാർ-100,​ കർണാടക-90,​ രാജസ്ഥാൻ-75,​എന്നിങ്ങനെയാണ് കണക്കുകൾ.

ലഭിച്ച വെന്റിലേറ്ററുകളിൽ സൗകര്യം ലഭ്യമല്ലാത്തതിനാൽ 250 ബിപാപ്പ് മെഷീനുകൾ ആവശ്യമാണെന്ന് അധികാരികളോട് ആവശ്യപ്പെട്ടതായി ലോക് നായക് മെഡിക്കൽ ഡയറക്ടർ ഡോ.സുരേഷ് കുമാർ പറഞ്ഞു.