കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ളൊരു വിഭവമാണ് ഓംലെറ്റ്. വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഓംലെറ്റിന്റെ ഒരു വ്യത്യസ്ത രുചിഭേദം പരീക്ഷിച്ചാലോ? രുചികരമായ ചിക്കൻ ഓംലെറ്റ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകൾ
എണ്ണ - ഒന്നര ടേബിൾ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് - അര കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് - ഒന്ന്
ഇഞ്ചി ചതച്ചത് - ഒരു സ്പൂൺ
വെളുത്തുള്ളി ചതച്ചത് - ഒരു സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ
ഇറച്ചി മസാല - അര ടീ സ്പൂൺ
കുരുമുളക് പൊടി - അര ടീ സ്പൂൺ
തക്കാളി പൊടിയായി അരിഞ്ഞത് - ഒന്ന്
ചിക്കൻ വേവിച്ചത് - മുക്കാൽ കപ്പ്
മുട്ട - രണ്ട്
പാകം ചെയ്യേണ്ട വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി സവാളയും, പച്ചമുളകും, ഇഞ്ചിയും, വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിലേയ്ക്ക് മഞ്ഞൾപ്പൊടി, ഇറച്ചി മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇതിലേയ്ക്ക് തക്കാളി കൂടി ചേർക്കുക. ശേഷം വേവിച്ച് വെച്ച ഇറച്ചി ചേർത്ത് പാകമാകും വരെ വഴറ്രുക. മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചെടുക്കുക. മുട്ടയുടെ വെള്ള നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച ശേഷം മുട്ടയുടെ മഞ്ഞയും പാകത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യുക. ഫ്രൈയിംഗ് പാനിൽ എണ്ണ ചൂടാക്കി ഈ മുട്ടയുടെ മിശ്രിതം ചേർത്ത് പതിയെ ചുറ്റിച്ചെടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കൻ മിശ്രിതം ചേർക്കുക. പാകമാകുമ്പോൾ റോൾ ചെയ്ത് മുറിച്ച് കഷ്ണങ്ങളാക്കി വിളമ്പാം.