ന്യൂഡൽഹി: കാശ്മീരില്‍ ഭീകരരുടെ തോക്കിൻമുനയില്‍ നിന്ന് മൂന്നുവയസുകാരനെ അത്ഭുതകരമായി രക്ഷിച്ച് സൈനികര്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്ന് രാവിലെ ജമ്മു കാശ്മീരിലെ സോപൂരിൽ ഭീകരാക്രമണത്തിനിടെയായിരുന്നു സംഭവം. കാശ്മീർ പൊലീസ് ആണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പട്രോളിംഗ് സംഘത്തിനു നേരെയാണ് ഭീകരർ വെടിയുതിർത്തത്.
വെടിയേറ്റ് ചോരയിൽ കുതിർന്ന മുത്തച്ഛന്റെ ശരീരത്തിൽ കുട്ടി ഇരിക്കുന്നത് വീഡിയോയിൽ കാണാം. മൃതദേഹത്തിലിരുന്ന കുട്ടിയെ സെെന്യം സുരക്ഷിതസ്ഥാനത്തെത്തിച്ചു. കുട്ടി ഭയപ്പെട്ടതായും പൊലീസ് പറയുന്നു. മൂന്നുവയസുകരനെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സുരക്ഷിതമായി കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. കാശ്മീർ പൊലീസ് ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.
"സോപൂരിലെ ഭീകരാക്രമണത്തിനിടെ മൂന്ന് വയസുകാരനെ തോക്കിൻമുനകൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി".-കാശ്മീർ പൊലീസ് ട്വിറ്ററിൽ കുറിച്ചു. ശ്രീനഗറിൽ നിന്ന് ഹാൻഡ്വാരയിലേക്ക് മാരുതി കാറിൽ സഞ്ചരിക്കുകയായിരുന്നു കുട്ടി. സോംപൂരിലെ ടൗണിൽ നിന്നാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു സെെനികനും വീരമൃത്യുവരിച്ചു.