pak-woman

കൊൽക്കത്ത: അഞ്ച് മാസത്തോളമായി ഇന്ത്യയിൽ കുടുങ്ങിയ പാകിസ്ഥാൻ യുവതി ദുബായിലേക്ക് മടങ്ങാൻ സഹായം തേടുന്നു. ഇന്ത്യക്കാരനെ വിവാഹം കഴിച്ച മുപ്പത്തിരണ്ടുകാരിയായ ആയിഷാ അജയ്ബ് ഫെബ്രുവരി 21നാണ് തന്റെ ഭർത്താവിന്റെ ജന്മനാടായ കൊൽക്കത്തയിലേക്ക് എത്തിയത്.

തങ്ങളുടെ കുട്ടിയെ ഭർത്താവിന്റെ ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾക്ക് കാണിക്കാൻ വേണ്ടിയായിരുന്നു ഇരുവരും എത്തിയത്. ആയിഷയും ഭർത്താവ് മുഹമ്മദ് ഫർഹാനും (33) മാർച്ച് അവസാനം ദുബായിലേക്ക് മടങ്ങേണ്ടതായിരുന്നു. നിർഭാഗ്യവശാൽ കൊവിഡ് മൂലമുണ്ടായ യാത്രാ നിയന്ത്രണങ്ങൾ കാരണം ദമ്പതികൾ കൊൽക്കത്തയിൽ കുടുങ്ങി.

ആയിഷയുടെ കുടുംബം കഴിഞ്ഞ 40 വർഷത്തിലേറെയായി ദുബായിലാണ് താമസം.ഇത് തന്റെ രണ്ടാമത്തെ ഇന്ത്യൻ സന്ദർശനമാണെന്ന് ആയിഷ പറഞ്ഞു. 'എന്റെ ആദ്യ സന്ദർശനം 2019 ലായിരുന്നു. ഞാൻ ജനിച്ച് വളർന്നത് ദുബായിലാണ്. 2015 ൽ ദുബായിൽവച്ച് ഞാൻ എന്റെ ഭർത്താവിനെ കണ്ടെത്തി, 2018 ൽ ഞങ്ങൾ വിവാഹിതരായി,' ആയിഷ പറഞ്ഞു.

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ നിന്ന് ദമ്പതികൾക്ക് യാത്രാ അനുമതി ലഭിച്ചിരുന്നു. എന്നാൽ ചെന്നൈ, മുംബയ്, ഡൽഹി എന്നീ മൂന്ന് തുറമുഖങ്ങളിൽ നിന്ന് മാത്രമേ പാകിസ്ഥാനികൾക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. 'ലോക്ക് ഡൗണും തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങളും പെട്ടെന്ന് സംഭവിച്ചു. എന്റെ ദേശീയത കാരണം ഞങ്ങൾക്ക് തിരികെ പോകാൻ കഴിഞ്ഞില്ല,' ആയിഷ കൂട്ടിച്ചേർത്തു.ദുബായിലെ വീട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റൊന്നും ദമ്പതികൾ ആഗ്രഹിക്കുന്നില്ല.