കൊച്ചി: തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ച് താത്ക്കാലികമായി അടച്ച എറണാകുളം മാർക്കറ്റിലെ കച്ചവടക്കാരേയും ജീവനക്കാരേയും മറൈൻഡ്രൈവിലെ മാർക്കറ്റിലേക്ക് മാറ്റി. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച കച്ചവടക്കാരന് പുറമെ രണ്ട് സഹപ്രവര്‍ത്തകർക്കും രോഗം കണ്ടെത്തിയതോടെയാണ് മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചത്.
മറൈൻ ഡ്രൈവിലെ സമാന്തര മാർക്കറ്റ് താത്കാലിക സജ്ജീകരണം മാത്രമാണെന്ന് ടി.ജെ വിനോദ് എം.എൽ.എ വ്യക്തമാക്കി. കച്ചവടക്കാർക്ക് നഷ്ടം ഉണ്ടാകാതിരിക്കാനാണ് മറൈൻ ഡ്രൈവിൽ സാധനങ്ങൾ ഇറക്കാൻ അനുമതി നൽകിയത്. ഈ കച്ചവടക്കാരും റാൻഡം സാമ്പിൾ പരിശോധനക്ക് വിധേയരാകുമെന്ന് അദ്ദേഹം പറഞ്ഞു.
മാർക്കറ്റിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സാഹചര്യം ഗുരുതരമാവുന്നതിന് മുമ്പ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുകയാണ്. കണ്ടൈൻമെന്റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും.
സെന്റ്. ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടച്ചിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് തുടരുന്നതിനൊപ്പം ബ്രോഡ് വേയും അടച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു.