ഹൈദരാബാദ് : കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനിടെ തെലങ്കാനയിൽ കൊവിഡ് പരിശോധന കുറച്ചു. എന്നാൽ ഇതിനുളള കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇതുവരെ സംസ്ഥാനത്ത് 16,339പേർക്കാണ് രോഗംസ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം മാത്രം 945 പേർക്ക് രോഗം സ്ഥിരീകരിച്ചു. 260പേരാണ് ഇതുവരെ മരിച്ചത്.
ലക്ഷണങ്ങളില്ലാതെ പരിശോധയ്‌ക്കെത്തുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് അധികൃതർ സ്വകാര്യ ലാബുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശോധന കുറച്ചതിനെതിരെ പലകോണുകളിൽനിന്നും വിമർശനമുയരുന്നുണ്ട്.
അതേസമയം ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരിൽ എല്ലാ ദിവസവും കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ടെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി പറയുന്നത്. സാധാരണ ജനങ്ങളെക്കാൾ രോഗം പകരാൻ സാദ്ധ്യത ഇവർക്കായതിനാലാണ് ഈ വിഭാഗങ്ങൾക്കിടയിൽ പരിശോധന കൂട്ടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
തീവ്രബാധിത പ്രദേശങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താത്തതിന് മേയ് 27ന് തെലങ്കാന ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെത്തുടർന്ന് പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും പത്തുദിവസത്തിനുള്ളിൽ 50,000 പരിശോധനകൾ നടത്തുമെന്നും അന്ന് സർക്കാർ പറഞ്ഞിരുന്നു.