തൃശൂർ: ആരൊക്കെയാണ് യഥാർത്ഥത്തിൽ തന്നെ സ്നേഹിക്കുന്നത് എന്ന് തിരിച്ചറിയാൻ പറ്റുന്നത് ഒരാൾക്ക് മോശം സമയം വരുമ്പോഴാണ്.ചുറ്റുമുള്ള പലരും നമ്മളോടുള്ള സ്നേഹം കൊണ്ടാകില്ല അടുത്തുകൂടുന്നത്, വേറെ പല നേട്ടങ്ങളായിരിക്കും അവർ ലക്ഷ്യമിടുന്നത്. അത്തരത്തിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ ഒരു പ്രവാസിയോട് ബന്ധുക്കൾ കാണിച്ച ക്രൂരതയാണ് സോഷ്യൽ മീഡിയയിൽ നോവ് പരത്തുന്നത്.
60 വയസുകാരനായ പ്രവാസിക്കാണ് ബന്ധുക്കളിൽ നിന്ന് കയ്‌പേറിയ അനുഭവം ഉണ്ടായത്. വർഷങ്ങളായി വിദേശത്ത് ഡ്രൈവറാണ് അദ്ദേഹം. കൊവിഡിനിടയിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോരുകയായിരുന്നു. എട്ട് സഹോദരങ്ങളും രണ്ട് സഹോദരിമാരുമുണ്ട്.വരുന്നകാര്യം ഒരു സഹോദരനെ അറിയിച്ചിരുന്നു.പഞ്ചായത്തംഗങ്ങളോട് വിവരം പറയാനും നിർദേശം നൽകി.
എന്നാൽ കുടുംബ വീട്ടിലെത്തിയപ്പോൾ സ്ഥിതി മറ്റൊന്നായിരുന്നു. വീടിനകത്തേക്ക് കയറ്റിയില്ലെന്ന് മാത്രമല്ല, കുടിക്കാൻ വെള്ളം പോലും നൽകിയില്ല. വരുന്ന വിവരം അറിഞ്ഞില്ലെന്നാണ് സഹോദരൻ പറയുന്നത്. എന്നാൽ രണ്ട് ദിവസം മുമ്പ് അയച്ച സാധനങ്ങൾ ഇവർ കൈപ്പറ്റിയിരുന്നു.വിദേശത്തുള്ള മറ്റൊരു സഹോദരന്റെ വീട് ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ താമസിക്കാൻ അനുവാദം ചോദിച്ചെങ്കിലും സമ്മതിച്ചില്ല.
ഭാര്യയുടെ വീട്ടിൽ പ്രായമായവർ ഉള്ളതിനാൽ ക്വാറന്റീനിൽ അവിടെ താമസിക്കാനും പറ്റില്ല. കൂടാതെ ഭാര്യയ്ക്ക് ശ്വാസസംബന്ധമായ അസുഖങ്ങളുമുണ്ട്. ആരോഗ്യവകുപ്പ് ഇടപെട്ട് ഇദ്ദേഹത്തെ ഒരു ക്വാറന്റീൻ കേന്ദ്രത്തിലാക്കിയിരിക്കുകയാണ് ഇപ്പോൾ.കൊവിഡ് കാലം കഴിഞ്ഞയുടൻ ഒരു വീടുണ്ടാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.'എന്റെ ഭൂമിയിൽ കൊച്ചു കൂരയുണ്ടാക്കി കഴിയാൻ ആരോടും അനുവാദം ചോദിക്കേണ്ടല്ലോ’അദ്ദേഹം പറയുന്നു.