സ്ത്രീ സൗന്ദര്യത്തിൽ മുടിക്കുള്ള പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലൊ? പ്രത്യേകിച്ച് മലയാളികൾക്ക്. മുടി ഒരു വീക്കനെസാണ്. നീളമുള്ള ഇടതൂർന്ന മുടി ആഗ്രഹിക്കാത്ത പെൺകുട്ടികളില്ല. കൃത്യമായ പരിചരണത്തിലൂടെ മുടിയുടെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. കേശ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ നോക്കാം.
ഷാംപൂവിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ഒരു പരിധിവരെ മുടികൊഴിച്ചിൽ തടയാൻ കഴിയും. ആധികം എണ്ണമയമുള്ള മുടിയുള്ളവർ സൾഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഷാംപൂ ചെയ്ത ശേഷം നിർബന്ധമായും കണ്ടിഷണർ ഉപയോഗിക്കണം. മുടിയിഴകൾ ഹൈഡ്രേറ്റ് ചെയ്ത് മുടിക്ക് തിളക്കം നൽകാൻ ഇത് സഹായിക്കും. കൂടാതെ മുടിയുടെ അറ്റം പൊട്ടിപോകുന്നതിൽ നിന്നും കണ്ടിഷണർ മോചനം നൽകും.
ആഴ്ചയിലൊരിക്കലെങ്കിലും എണ്ണ തേയ്ക്കാൻ സമയം കണ്ടെത്തണം. തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ നന്നായി എണ്ണ തേച്ച് മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും, അത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
ക്ളിപ്പുകൾ, സ്ളൈഡുകൾ, ബണ്ണുകൾ തുടങ്ങിയവയുടെ തുടർച്ചയായ ഉപയോഗം മുടിയിഴകൾ പൊട്ടി പോകുന്നതിന് കാരണമാകാറുണ്ട്. കിടക്കുമ്പോൾ മുടി സെക്ഷനുകളായി വകഞ്ഞ് പിന്നിയിടാം. യാത്ര പോകുമ്പോൾ ഒരിക്കലും മുടി അഴിച്ചിടരുത്.
മുടി ചീകാൻ പല്ലകലമുള്ള ചീപ്പുകളും, ഹെയർ ബ്രഷുകളുമാണ് നല്ലത്. ഒരുപാട് ഉടക്കുള്ള മുടിയാണെങ്കിൽ ടാങ്കിൾ ഫ്രീ ചീപ്പുകൾ ഉപയോഗിക്കാം. മുടി ചീകുമ്പോൾ മുകളിൽ നിന്ന് താഴോട്ട് ചീകാൻ ശ്രദ്ധിക്കണം, മുടിയിലെ ഉടക്കുകൾ മാറ്റാനും മുടികൊഴിച്ചിൽ തടയാനും ഇത് സഹായകമാണ്.
പരുപരുത്ത ടവൽ ഉപയോഗിച്ച് തുവർത്തുമ്പോൾ മുടി പൊട്ടിപോകാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ സോഫ്റ്റായിട്ടുള്ള ബനിയൻ തുണി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഹെയർ ഡ്രൈയറുകളുടെ അമിതമായ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
മൂന്ന് മാസത്തിലൊരിക്കൽ മുടിയുടെ തുമ്പ് ട്രിം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിയുടെ അറ്റം പിളരുന്നത് തടയാൻ കഴിയും.
ഒരു ആന്റി ഫ്രിസ് സെറം ശീലമാക്കുന്നത് നല്ലതാണ്. കെട്ടുപിണഞ്ഞ മുടിയിഴകളെ വൃത്തിയായി സൂക്ഷിക്കാൻ സെറം സഹായിക്കും. യാത്രാവേളകളിലും സെറത്തിന്റെ ഉപയോഗം മുടിയുടെ ആരോഗ്യത്തിന് അനിവാര്യമാണ്. ആർഗൺ ഓയിൽ അടങ്ങിയ സെറമാണ് മുടിക്ക് നല്ലത്.
കളറിങ്ങ്, ബ്ളീച്ചിങ്ങ്, ജെൽ, സ്മൂത്തനിങ്, സ്ട്രെയ്റ്റനിങ്, ബോണ്ടിങ് തുടങ്ങിയ കെമിക്കൽ ട്രീറ്റ്മെന്റുകൾ പരമാവധി ഒഴിവാക്കുക.
ആഴ്ചയിലൊരിക്കലെങ്കിലും ഹോട്ട് ഓയിൽ ട്രീറ്റ്മെന്റ് ചെയ്യുന്നത് മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും, മുടി വളരുന്നതിനും സഹായിക്കും. കൂടാകെ ഹെയർ സ്പാ ചെയ്യുന്നതും, ഡീപ്കണ്ടിഷനിങ്ങ് ട്രീറ്റ്മെന്റ് ചെയ്യുന്നതും നല്ലതാണ്.