kaumudy-news-headlines

1. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് അംഗീകാരം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. മിനിമം ചാര്‍ജില്‍ മാറ്റം വരുത്താത്ത ശുപാര്‍ശയില്‍, ഇതേ ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂര പരിധി രണ്ടര കിലോമീറ്റര്‍ ആയി കുറച്ചു. രണ്ടര മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 10 രൂപയാണ് ചാര്‍ജ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആണ് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് അംഗീകാരം നല്‍കിയത്. അതേസമയം, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ല. സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ആണ് വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാത്തത്


2. രാജ്യത്ത് അണ്‍ലോക്ക് രണ്ടാം ഘട്ടം നിലവില്‍ വരുമ്പോഴും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 18,563 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 503 പേര്‍ മരിച്ചു. 17,400 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 2,20,114 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 86 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തിയെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.
3. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി . .മെട്രോയും അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഇല്ലെങ്കിലും രണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവില്‍ രാത്രി കര്‍ഫ്യുവിന്റെ സമയം 10 മണി മുതല്‍ അഞ്ച് മണി വരെയാക്കി കുറച്ചിട്ടുണ്ട്. 1,74,761 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കോവിഡ് രോഗികളില്‍ ഒന്നാമത്. ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ രൂക്ഷമാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നലെയും ഉന്നത തല യോഗം ചേര്‍ന്ന് സ്ഥിഗതികള്‍ വിലയിരുത്തി
4. ജമ്മു കാശ്മീരിലെ സോപോറില്‍ ഭീകരാക്രമണം. ഭീകരരുടെ വെടിയേറ്റ് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാരും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. സി.ആര്‍.പി.എഫ് പട്രോളിംഗ് സംഘത്തിനു നേരെ തീവ്രവാദികള്‍ വെടി ഉതിര്‍ക്കുക ആയിരുന്നു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഇന്ന് രാവിലെ 7.30ഓടെ ആണ് ആക്രമണം ഉണ്ടായത്. പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട് എന്ന് ജമ്മു കാശ്മീര്‍ ഡി.ജി.പി ദില്‍ബഗ് സിംഗ് അറിയിച്ചു. അതിനിടെ ഭീകരരുടെ തോക്കിന് മുന്നില്‍ നിന്ന് മൂന്ന് വയസുകാരനെ രക്ഷിച്ചു. കാശ്മീര്‍ പൊലീസാണ് കുട്ടിയെ സാഹസികമായി രക്ഷിച്ചത്. അതേസമയം, രജൗരിയില്‍ പാക് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു. ഒരു പാക് ഭീകരനെ വധിച്ചു.
5. മലപ്പുറം എടപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കപട്ടിക തയാറാക്കുന്നത് ദുഷ്‌കരം. 20,000-ല്‍ കൂടുതല്‍ പേരാണ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തി ഇരിക്കുന്നത്. താലൂക്കിലെ ഓരോ വീടും കയറിയിറങ്ങി പട്ടിക തയാറാക്കാനാണ് ശ്രമം. നിലവില്‍ രണ്ട് ആശുപത്രികളിലും ആയി നിരീക്ഷണത്തില്‍ കഴിയുന്ന അറുന്നൂറോളം പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. എടപ്പാളിലെ രണ്ട് ആശുപത്രികളില്‍ ജൂണ്‍ മാസം 20,000-ല്‍ അധികം പേര്‍ എത്തിയിട്ടുണ്ട് എന്നാണ് നിഗമനം
6. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ പഞ്ചായത്തില്‍ അഞ്ച് കടകളും,നഗരസഭയില്‍ പത്ത് കടകളും തുറക്കാന്‍ തീരുമാനിച്ചു. ഹോം ഡെലിവറി മാത്രമാവും ഉണ്ടാവുക. ഇന്നലെ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച താനൂരിലും നിരീക്ഷണം ശക്തമാക്കി. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ താനൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലികമായി അടച്ചു. ജൂലായ് പത്ത് വരെ മുന്‍സിപ്പാലിറ്റിയിലും പൊതുജന സേവനം ഉണ്ടാകില്ല.
7. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം കുറയ്ക്കാന്‍ സമാധാന ചര്‍ച്ച നടക്കുന്നതിന് ഇടയിലും ഇന്ത്യ-ചൈന പടയൊരുക്കം ശക്തം. ചൈനയില്‍ നിന്ന് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി.കഴിഞ്ഞ ജൂണ്‍ 15ന് മുതലാണ് ചൈനീസ് മെഡിക്കല്‍ ഉത്പന്നങ്ങള്‍ക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നല്‍കുന്നില്ല. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പേരിലാണ് വിലക്ക്.
8. അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ട്. ഗാല്‍വാനില്‍ നിന്ന് ചൈന ഇതുവരെയും പൂര്‍ണമായി പിന്‍വാങ്ങാത്തതും ദൗലത്ത് ബാഗ് ഓള്‍ഡിയിലും ഹോട്ട് സ്പ്രിംഗ്സിലും സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതും ആണ് മൂന്നാം ഘട്ടത്തില്‍ ഇരു രാജ്യങ്ങളുടെയും മേജര്‍ ജനറല്‍മാര്‍ ചര്‍ച്ച ചെയ്തത് എന്നാണ് സൂചന . കഴിഞ്ഞ ദിവസം പുറത്തു വന്ന സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ ചൈന ഗാല്‍ വാന്‍ നദിക്കരയില്‍ അതിര്‍ത്തി കടന്ന് നില ഉറപ്പിച്ചതായി ഇന്ത്യ ആരോപിച്ചിരുന്നു. മറുപടിയായി അതിര്‍ത്തിയില്‍ കരസേനയുടെ ഭീഷ്മ ടാങ്കുകള്‍ ഇന്ത്യയും വിന്യസിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച തീരുമാനത്തില്‍ ചൈന പ്രതിഷേധിച്ചു. ലോക വ്യാപാര സംഘടനയുടെ ഉടമ്പടിയ്ക്ക് എതിരാണ് ഇതെന്ന് ചൈനീസ് വക്താവ് പറഞ്ഞു. അതിനിടെ, ചൈനയ്ക്ക് പാകിസ്ഥാന്‍ പിന്തുണ അറിയിച്ചു. രണ്ടായിരത്തോളം സൈനികരെ ലഡാക്കിലേക്ക് അയച്ചു എന്നാണ് വിവരം
9. നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം, മലയാളത്തിലെ തിരക്കുള്ള നായിക നടിയെയും കേരളത്തിന് പുറത്ത് താമസിക്കുന്ന മുതിര്‍ന്ന നടനെയും സ്വാധീനിക്കാന്‍ ശ്രമം നടത്തി. സ്വര്‍ണ്ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തി ആണ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ വന്‍ വാഗ്ദാനം നല്‍കി പാലക്കാട്ടും കോയമ്പത്തൂരും വിളിച്ചുവരുത്തി സ്വര്‍ണം തട്ടിപ്പ് സംഘം കൈവശപ്പെടുത്തി ഇരുന്നു. പ്രമുഖ നടന് സ്വര്‍ണ്ണക്കടത്തിന് പകരമായി സംഘം ഓഫര്‍ ചെയ്തത് രണ്ടുകോടിയും ആഡംബര കാറും ആയിരുന്നു എന്നും പൊലീസ്