aravind-disalva

കൊളംബോ: രണ്ടായിരത്തി പതിനൊന്നിലെ ലോകകപ്പ് ഫൈനൽ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുൻ ശ്രീലങ്കൻ ക്യാപ‌്‌റ്റൻ അരവിന്ദ ഡിസിൽവയെ പൊലീസ് ചോദ്യം ചെയ്‌തു. ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡിസിൽവയായിരുന്നു. ആറു മണിക്കൂറോളം പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തതായാണ് വിവരം.

ലോകകപ്പ് ഫൈനലിൽ ലങ്കയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഉപ്പുൽ തരംഗയെയാകും അടുത്തതായി ചോദ്യം ചെയ്യുകയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മുംബയ് വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വിൽക്കുകയായിരുന്നുവെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ രംഗത്തെത്തിയതോടെയാണ് വിഷയം വിവാദമായത്. 2010 മുതൽ 2015 വരെ ശ്രീലങ്കൻ കായിക മന്ത്രിയായിരുന്നു ഇദ്ദേഹം.

മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തിൽ ക്രിമിനൽ അന്വേഷണം ആരംഭിച്ചതായി ശ്രീലങ്കൻ കായികമന്ത്രാലയ സെക്രട്ടറി കെ.ഡി.എസ് റുവാൻചന്ദ്ര അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ അരവിന്ദ ഡിസിൽവയെ ചോദ്യം ചെയ്തത്. ശ്രീലങ്കൻ കളിക്കാരെ താൻ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നില്ലെന്നും എങ്കിലും ചില ഗ്രൂപ്പുകൾ ഇതിൽ പങ്കാളികളാണെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം.

ഇതിനിടെ മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തിന് മറുപടിയുമായി 2011 ലോകകപ്പിലെ ലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയും ഫൈനലിൽ സെഞ്ചുറി നേടിയ മഹേല ജയവർധനെയും രംഗത്തെത്തിയിരുന്നു. ഒത്തുകളി സംബന്ധിച്ച തെളിവുകളുണ്ടെങ്കിൽ ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്ന് സംഗക്കാര ആവശ്യപ്പെട്ടു.

1996ൽ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകൻ അർജുന രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഫൈനൽ നടക്കുമ്പോൾ കമന്റേറ്ററായി രംണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ക്യാച്ചുകൾ കൈവിടുന്നത് അടക്കമുള്ള ഫീൽഡിംഗ് പിഴവുകൾ നോക്കുമ്പോൾ ശ്രീലങ്കൻ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.