കൊച്ചി: കൊവിഡിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂൾ പഠനം ഓൺലൈനിലാക്കിയ സർക്കാർ തീരുമാനം, ഇലക്‌ട്രോണിക്‌സ് വിപണിക്ക് സമ്മാനിച്ചത് 'ഓണക്കാലത്തിന്" സമാനമായ വില്പന നേട്ടം. മൊബൈൽഫോൺ, ടിവി, ടാബ്, ലാപ്‌ടോപ്പ്, വെബ് കാമറ, വൈ-ഫൈ എന്നിവയെല്ലാം ഇരട്ടിയിലേറെ വില്പന കൊയ്‌തു. അപ്രതീക്ഷിത ഡിമാൻഡ് ലഭിച്ചതോടെ, പല ബ്രാൻഡുകൾക്കും സ്‌റ്രോക്കില്ലാത്ത സ്ഥിതിയായി.
മൊബൈൽഫോൺ
സംസ്ഥാനത്ത് പ്രതിമാസം 200 കോടി രൂപയുടെ സ്മാർട്ഫോൺ വില്പനയാണ് സാധാരണ നടക്കാറുള്ളത്. എന്നാൽ, ഇക്കുറി ജൂണിൽ വില്പന 434 കോടി രൂപയുടേതാണ്. ഓൺലൈൻ പഠനത്തിന് മികച്ച മെമ്മറിയും (റാം), സ്‌റ്റോറേജും (റോം) വേണമെന്നതിനാൽ 10,000-20,000 രൂപ നിരക്കിലെ ഫോണുകളാണ് കൂടുതലും വിറ്റഴിഞ്ഞത്.
10,000 രൂപയ്ക്ക് താഴെയുള്ള ഫോണുകൾക്ക് അന്വേഷണങ്ങൾ ലഭിച്ചെങ്കിലും വിപണിയിൽ സ്‌റ്രോക്ക് നന്നേ കുറവായിരുന്നു. കമ്പനികൾക്ക് ഈ ശ്രേണിയിൽ ലാഭം കുറവായതാണ് കാരണം.
ജൂണിലെ വില്പനക്കണക്ക്
(ഫോണുകളുടെ എണ്ണം)
വിവോ : 2.50 ലക്ഷം
ഷവോമി : 35,000
ഓപ്പോ : 52,000
ആപ്പിൾ : 3,000-4,000
നോക്കിയ : 7,000-8,000
ചൈനീസ് പ്രിയം
'ബോയ്കോട്ട് ചൈന" കാമ്പയിനുകൾ സോഷ്യൽമീഡിയയിൽ നിറഞ്ഞെങ്കിലും ഫോൺ വില്പനയെ ബാധിച്ചില്ല. ബദൽ ഫോണുകൾ, പ്രാപ്യമായ വിലയ്ക്ക് വിപണിയിൽ ഇല്ലെന്നതാണ് കാരണം. കൊവിഡും ലോക്ക്ഡൗണും മൂലം ഇ-കൊമേഴ്‌സ് കമ്പനികൾ ഓർഡർ സ്വീകരിക്കുന്നതും വിതരണവും നിറുത്തിവച്ചതും കേരള വിപണിക്ക് നേട്ടമായി.
നിർദ്ധന വിദ്യാർത്ഥികൾക്ക് ടിവിയും ഫോണും സൗജന്യമായി നൽകാൻ വിവിധ സംഘടനകൾ കാമ്പയിൻ ആരംഭിച്ചതും കരുത്തായി.
ടെലിവിഷൻ
സാധാരണയായി പ്രതിമാസം 22,000 മുതൽ 50,000 വരെ ടിവി കേരളത്തിൽ വിറ്റഴിയാറുണ്ട്. എന്നാൽ, ജൂണിൽ 60,000 ടിവികൾ വിറ്റുപോയെന്നാണ് കണക്ക്. 6,990 രൂപ മുതൽ 8,990 രൂപവരെ വിലയുള്ള സ്‌മാർട് ടിവികൾക്കാണ് ഡിമാൻഡ് കൂടുതൽ.
32 ഇഞ്ച് ടിവികളാണ് ഏറ്റവുമധികം വിറ്റഴിഞ്ഞത്.
ലാപ്‌ടോപ്പിനും
ഇരട്ടി മധുരം
പ്രതിമാസം ശരാശരി 9,000 ലാപ്പുകൾ വിറ്റഴിയുന്ന കേരളത്തിൽ, കഴിഞ്ഞമാസം വിറ്റുപോയത് 22,000ലേറെ.
ടാബിന് അപ്രതീക്ഷിത നേട്ടം
പൊതുവേ ടാബുകൾക്ക് നല്ല വിപണിയല്ല കേരളം. എന്നാൽ, ജൂണിൽ 200 ശതമാനത്തിലേറെ അപ്രതീക്ഷിത നേട്ടം ടാബുകൾക്ക് ലഭിച്ചു.
വൈ-ഫൈ ഡോംഗിളുകൾക്കും വൻ വില്പനയുണ്ടായി. ഈയിനത്തിൽ ജിയോയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. ദിവസേന 1.5 ജിബി ഡാറ്റ ലഭിക്കുന്ന ജിയോ പാക്കേജാണ് സ്വീകാര്യത കൂട്ടിയത്.
വെബ്-കാമറകളും വിറ്രഴിഞ്ഞെങ്കിലും വലിയ ഡിമാൻഡുണ്ടായില്ല. സ്‌മാർട്ഫോണുകളിൽ തന്നെ മികച്ച കാമറകളുള്ളതാണ് കാരണം.
ഉടൻ പണം
കൊവിഡ് കാലത്ത് രൊക്കം പണം നൽകിയുള്ള ഇടപാടുകളാണ് അധികവും നടന്നതെന്ന് വ്യാപാരികൾ പറയുന്നു. സാധാരണയായി കേരളത്തിന്റെ ഇലക്‌ട്രോണിക്‌സ് വിപണിയിൽ 40 ശതമാനം ഫിനാൻസ് സ്‌കീമുകളാണ് (ഇ.എം.ഐ). ജൂണിൽ ഈ വിഭാഗം പർച്ചേസുകളിൽ 50 ശതമാനം വരെ ഇടിവുണ്ടായി.
''ഓൺലൈൻ ക്ളാസുകൾ ഇലക്‌ട്രോണിക് വിപണിക്ക് പുത്തനുണർവ് നൽകി. ഇ-കൊമേഴ്സ് വില്പന നിലച്ചത് ഓഫ്‌ലൈൻ റീട്ടെയിൽ സ്‌റ്റോറുകൾക്ക് ഗുണം ചെയ്‌തു. സംഘടനകൾ ടിവി, മൊബൈൽ വിതരണ കാമ്പയിനുകൾ സംഘടിപ്പിച്ചതും നേട്ടമായി"",
അനീഷ്, ജനറൽ മാനേജർ,
സെയിൽസ് - മൈജി