doctors

രണ്ടായിരത്തിഇരുപത് ആരോഗ്യ പ്രവർത്തകരുടെ വർഷമാണ്.​ ഇന്ന് ഡോക്ടർമാരുടെ ദിനവും. കൊവിഡ് മഹാമാരിയെ നേരിടാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാർക്കും,​ ഡോക്ടർമാരുടെ ദിനം ആശംസിച്ചുള്ള നിരവധി പോസ്റ്റുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. സാധാരണക്കാർ ഡോക്ടർമാരെയും,​ ഡോക്ടർമാർ അവർ തിരഞ്ഞെടുത്ത പ്രൊഫഷനേയും ആദരവോടെയും അതിശയത്തോടേയും നോക്കി കാണുന്ന ഈ വേളയി,ൽ ഡോക്ടർമാരുടെ ദിനം ആശംസിച്ചു കൊണ്ടുള്ള മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഡോക്ടർമാരുടെ ദിനം. ജൂലൈ ഒന്ന് ഡോക്ടർമാരുടെ ദേശീയ ദിനം ആണെന്ന് ഫേസ്ബുക്ക് ഓർമ്മിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൊഴിലുകളിൽ ഒന്നാണ് വൈദ്യന്മാരുടേത്. സ്വന്തം കുഞ്ഞിന് എന്തെങ്കിലും വിഷമം ഉണ്ടായാൽ അതിന് തനിക്കാവുന്നത് പോലുള്ള മനോധർമ്മ ചികിത്സ നടത്തിയ 'അമ്മ തന്നെയായിരുന്നിരിക്കും ആദ്യത്തെ ഡോക്ടർ. പിന്നെ മന്ത്രവാദികളായി, ലാടന്മാരായി, മെഡിസിൻ മാൻ ആയി, ബോമോ ആയി, പാരമ്പര്യ വൈദ്യമായി ലോകത്തെവിടെയും അവരുടെ കുലം വളർന്നു.

മന്ത്രം മുതൽ തന്ത്രം വരെ, പച്ചിലകൾ മുതൽ മെർക്കുറി വരെ, ഓപ്പറേഷൻ മുതൽ പ്ലാസ്റ്ററിങ്ങ് വരെ ശാസ്ത്രീയവും അശാസ്ത്രീയവുമായ പലതും വൈദ്യശാഖയിൽ എത്തി, പുതിയ അറിവുകൾ ഉണ്ടായി, പഴയത് ഇല്ലാതായി. ഇനിയും അവസാനിക്കാത്ത യാത്ര. കഴിഞ്ഞ നൂറ്റാണ്ടിൽ വൈദ്യശാസ്ത്ര രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. നിസ്സാര രോഗങ്ങൾ പോലും ആളുകളുടെ ജീവനെടുക്കുന്ന കാലം ഇല്ലാതായി. ഞാൻ മുൻപൊരിക്കൽ പറഞ്ഞത് പോലെ എല്ലാ സമ്പത്തും അധികാരവും ഉണ്ടായിരുന്നിട്ടു പോലും രാജാക്കന്മാരും രാജ്ഞിമാരും ഒക്കെ അമ്പത് വയസ്സുകടക്കാൻ കഷ്ടപ്പെട്ടു. ആയിരത്തി തൊള്ളായിരത്തി അറുപത്തിനാലിൽ ജനിച്ച ഞാൻ തികച്ചും സ്വാഭാവികമെന്ന പോലെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തിയത് വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെ പിൻബലത്തിലാണ്. ആയിരത്തി എണ്ണൂറ്റി അറുപത്തി നാലിലാണ് ഞാൻ ജനിച്ചിരുന്നതെങ്കിൽ, ഞാൻ നേരിട്ട നിസ്സാര അസുഖങ്ങൾ തരണം ചെയ്ത് അൻപത്തി ആറാം വയസ്സിൽ ഈ കഥയൊക്കെ ഓർക്കാനും പറയാനും ഞാൻ ഉണ്ടാവില്ല എന്നത് നൂറു ശതമാനം ഉറപ്പാണ്. ഇതെന്റെ മാത്രം കഥയല്ല. ആരോഗ്യ രംഗത്തെ പുരോഗതി ഡോക്ടർമാർ മാത്രം ഉണ്ടാക്കിയതല്ല. പക്ഷെ ആരോഗ്യരംഗത്തെ വിപ്ലവങ്ങൾക്ക് നേതൃത്വം നൽകുന്നതും അതിന്റെ വലിയ സംഘം പടയാളികളും ഡോക്ടർമാർ തന്നെയാണ്. ഈ കൊറോണക്കാലം സാധാരണക്കാർ ഡോക്ടർമാരെയും ഡോക്ടർമാർ അവരുടെ തിരഞ്ഞെടുത്ത പ്രൊഫഷനേയും ആദരവോടെയും അതിശയത്തോടേയും നോക്കി കാണുന്ന കാലമാണ്. ചൈനയിൽ, ഇറ്റലിയിൽ, ന്യൂ യോർക്കിൽ ഒക്കെ കൊറോണയുദ്ധം അവർ മുന്നിൽ നിന്നും നയിച്ചു എന്ന് മാത്രമല്ല മറ്റുളളവരുടെ ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുക കൂടി ചെയ്തു. ഇന്നും, കേരളത്തിൽ ഉൾപ്പടെ ആയിരക്കണക്കിന് ഡോക്ടർമാർ അവർക്ക് ലഭ്യമായ വിഭവങ്ങളും അവരുടെ അറിവിന്റെ പരമാവധിയും ആയി കൊറോണ യുദ്ധത്തിലാണ്. അവർ ഓരോരുത്തർക്കും വ്യക്തിപരമായ ആശങ്കകൾ ഉണ്ട്. കൊച്ചു കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, കുടുബത്തിന്റെ ഭാവി, ഭദ്രത. പക്ഷെ ഇതൊന്നും ഒരാളെയും ഈ ഉത്തരവാദിത്തത്തിൽ നിന്നും പിന്നോട്ട് വലിച്ചിട്ടില്ല. കൊറോണ ഡ്യൂട്ടി വേണ്ട എന്ന് പറഞ്ഞു മാറിപ്പോകുന്ന ഡോക്ടർമാരുടെ കഥകൾ നമ്മൾ കേൾക്കുന്നില്ല. അഭിമാനത്തിന്റെ സമയമാണ്. നമ്മൾ വീണ്ടും ഓർക്കേണ്ട സമയമാണ്. ഡോക്ടർമാരെയും മറ്റു ആരോഗ്യ പ്രവർത്തകരേയും പ്രകീർത്തിച്ചാൽ മാത്രം പോരാ. അവർ ആ യുദ്ധം ചെയ്യുന്നത് മൊത്തം സമൂഹത്തിന് വേണ്ടിയാണ് എന്നോർക്കണം. ഈ യുദ്ധം നമ്മുടേത് കൂടിയാണ്. അവരെ പിന്തുണക്കേണ്ടത്, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യേണ്ടത്, ഉത്തരവാദിത്തത്തോടെ പെരുമാറി അവരുടെ ജോലി എളുപ്പമാക്കേണ്ടത് ഒക്കെ നമ്മുടെ ഉത്തരവാദിത്തമാണ്. സമൂഹത്തിൽ എല്ലാ കാലത്തും ആദരം ലഭിച്ചിട്ടുള്ള പ്രൊഫഷനാണ് ഡോക്ടർമാരുടേത്. ലോകത്തെവിടെയും ഈ കൊറോണക്കാലത്തിന് മുൻപും ഏറ്റവും ആദരിക്കപ്പെടുന്ന അഞ്ചു തൊഴിലുകൾ ചോദിച്ചാൽ അതിലൊന്ന് ഡോക്ടർമാരുടെ തന്നെയായിരുന്നു. ഇന്നത്തെ കാര്യം പറയാനുമില്ലല്ലോ. ഡോക്ടർമാരായിട്ടുള്ള എന്റെ എല്ലാ സുഹൃത്തുക്കൾക്കും, മറ്റെല്ലാ ഡോക്ർ സുഹൃത്തുക്കൾക്കും എന്റെ ആശംസകൾ. രണ്ടായിരത്തി ഇരുപത് ആരോഗ്യ പ്രവർത്തകരുടെ വർഷമാണ്. ഈ വർഷത്തെ നോബൽ പ്രൈസ് കിട്ടേണ്ടത് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്കാണ്. ഞങ്ങളുടെ മനസ്സിലൊക്കെ ആ അതിലൊക്കെ വലിയ ആദരം നിങ്ങൾക്ക് എന്നേ നൽകിക്കഴിഞ്ഞു.

മുരളി തുമ്മാരുകുടി