pravasi

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസികൾ പരിശോധനകൾ പൂർത്തിയാക്കി പുറത്ത് വരുന്നത് മണിക്കൂറുകൾ കഴിഞ്ഞ്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയവർ പന്ത്രണ്ട് മണിക്കൂറോളമാണ് എയർപോർട്ടിൽ കുടുങ്ങിയത്.കൂടുതലായി പ്രവാസികൾ എത്തിതുടങ്ങുകയും, ആവശ്യത്തിന് ജീവനക്കാർ ഇല്ലാതിരിക്കുകയും ചെയ്യുന്നതാണ് പ്രതിസന്ധിക്ക് കാരണം.

സ്ത്രീകളും കുട്ടികളും രോഗികളുമുൾപ്പെടെയുള്ളവർ കുടിവെള്ളം പോലും ലഭിക്കാതെയാണ് വിമാനത്താവളത്തിൽ മണിക്കൂറുകളോളം തള്ളിനീക്കുന്നത്. പരിശോധന കഴിയാതെ പുറത്തിറങ്ങാൻ സാധിക്കില്ല. നടപടികൾ പൂർത്തിയാക്കാൻ ഇത്രയും മണിക്കൂറുകൾ എടുക്കുന്നതിനെക്കുറിച്ച് ചോദിച്ചാൽ ജീവനക്കാരില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.


പരിശോധനയ്ക്കായി അദ്ധ്യാപകരെ ഉൾപ്പെടെ നിയോഗിച്ചിട്ടും പ്രവാസികളുടെ ദുരിതം അവസാനിക്കുന്നില്ല. പരിശോധനയ്ക്ക് ശേഷം ഫലം നെഗറ്റീവാണെങ്കിൽ വീട്ടിലേക്ക് വിടും.വീടുകളിലല്ലാതെ പുറത്ത് ക്വാറന്റീൻ സംവിധാനം ആവശ്യപ്പെടുന്നവർക്ക് അത് ലഭിക്കാത്തതാണ് കൊണ്ടാണ് വൈകാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.