tiktok-

ചൈനീസ്​ ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ ടിക്​ ടോക്കിനാണ് വൻ തിരിച്ചടി നേരിടേണ്ടിവന്നത്. ചൈനീസ് വ്യാപാരമേഖലയോടുള്ള ഇന്ത്യയുടെ ആദ്യത്തെ ശക്തമായ പ്രതികരണമാണ് ടിക്ക് ടോക്ക് അടക്കം 59 മൊബൈല്‍ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം. ഇതോടെ മുട്ടൻ പണികിട്ടിയത് ടിക്ടോക്കിന്റെ പുതിയ സി.ഇ.ഒ ആയി ഇന്ന് ചുമതലയേറ്റ കെവിൻ മേയർക്കുകൂടിയാണ്.

ചുമതലയേൽക്കുന്ന ആദ്യ മാസം തന്നെ വലിയവെല്ലുവിളിയാണ് താൻ നേരിടുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതോടെ ടിക് ടോക്കിന്റെ ആയിരക്കണക്കിന് ഇന്ത്യൻ ജീവനക്കാരും പ്രതിസന്ധി നേരിടുന്നു. ഡിസ്​നി സ്​ട്രീമിംഗി​ന്റെ തലപ്പത്തുനിന്ന്​ കെവിൻ മേയർ പടിയിറങ്ങിയതോടെയാണ് ടിക്​ടോക്കി​ന്റെ സി.ഇ.ഒ ആയി നിയമനം. തലപ്പത്തേക്ക് ചുമതലയേറ്റപ്പോൾത്തന്നെ ആഗോളവിപണിയിൽ ടിക്ടോക്കിന് നിരോധനവും ഏർപ്പെടുത്തി. അതിർത്തി തർക്കത്തോടെയാണ് ചെെനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. സി.ഇ.ഒ സ്ഥാനത്തെത്തിയപ്പോൾ തന്നെ കെവിന് ആദ്യത്തെ വെല്ലുവിളിയും നേരിടേണ്ടി വന്നു.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാരുമായി ടിക് ടോക്ക് ചർച്ച നടത്താനും ഒരുങ്ങുന്നുണ്ട്. ടിക്ടോക്കിന്റെ ആഗോള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കെവിൻ ഇന്ത്യയിലെ ടിക്ടോക്കിന്റെ ഓഫീസുകളിൽ ജോലി ചെയ്യുന്ന 2000ത്തോളം തൊഴിലാളികളെ അദ്ദേഹം അഭിസംബോധന ചെയ്തതായാണ് റിപ്പോർട്ട്.

മേയ് മാസത്തിൽ ടിക്ടോക്കിന് മറ്റ് ആപ്ലിക്കേഷനുകളേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചിരുന്നു. 2017ൽ ടിക്ടോക്ക് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചതു മുതൽ ഇന്ത്യയിൽ ഏകദേശം 660 ദശലക്ഷം ഇൻസ്റ്റാൾ ചെയ്തതായാണ് റിപ്പോർട്ട്. ടിക്ടോക്കിന്റെ ഇന്ത്യൻ മാർക്കറ്റ് ഇടിഞ്ഞതോടെ അതിന്റെ മാതൃ കമ്പനിയായ ബെെറ്റ്ഡാൻസിനും തിരിച്ചടിയാകും. 2020 ആദ്യ മൂന്ന് മാസങ്ങളിൽ ബെെറ്റ് ഡാൻസ് 5.6 മില്യാൺ ഡോളർ വരുമാനം നേടി. ഇത് പ്രതിവർഷ വരുമാനത്തിൽ 130% വളർച്ച നേടിയിരുന്നു. ഹോങ്കോംഗ് സ്റ്റോക് എക്സ്ചേഞ്ചിൽ പരസ്യമാക്കാനുള്ള പദ്ധതികൾ ബെെറ്റ് ഡാൻസ് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഐപിഒ അനലിസ്റ്റുകൾക്ക് 150 ബില്യാൺ മുതൽ 180 ബില്യാൺ ഡോളർ വരെ വിലമതിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിരോധനം തുടരുകയാണെങ്കിൽ ടിക്ടോക്കിന് നേരിടേണ്ടി വരിക കനത്ത നഷ്ടമാണ്. ഇന്ത്യയിൽ നിന്നുമാത്രം ഇതുവരെ ആപ് സ്റ്റോറുകളിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഏകദേശം 30% ഡൗൺലോഡിംഗ് കണക്കുകളുണ്ട്. സെൻസർ ടവർ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയിൽ നിരോധനം തുടരുകയാണെങ്കിൽ ടിക്ടോക്കിന് 100 ദശലക്ഷത്തിലധികം ഡൗൺലോഡിംഗുകൾ നഷ്ടപ്പെടും. അതേസമയം,​ മറ്റ് സ്ഥലങ്ങളിലെ സർവറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ രഹസ്യമായി ചോർത്തുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു.ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളുടെ ഡാറ്റയെ കുറിച്ച് നേരത്തെ അമേരിക്കയും വാദങ്ങൾ ഉന്നയിച്ചിരുന്നു.

ഇന്ത്യ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തുന്നത് ഇതാദ്യമല്ല. 2019 ഏപ്രിലിലും താൽക്കാലിക നിരോധനം ഏർപ്പടുത്തിയിരുന്നു. ടിക്ടോക്കിൽ അശ്ലീല ഉള്ളടക്കങ്ങൾ ലഭ്യമാകുന്നു എന്ന ആശങ്ക ചൂണ്ടികാണിച്ചായിരുന്നു ആപ്പ് നിരോധിക്കണമെന്ന് നിർദേശിച്ചിരുന്നത്.