gcc

അബുദാബി: ലോകം മുഴുവനും കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ലോക്ഡൗൺ ആരംഭിച്ചത് മൂലം തൊഴിൽ നഷ്ടത്താൽ പ്രവാസികളായ തൊഴിലാളികൾ തിരികെ മടങ്ങുന്നത് മൂലം ഗൾഫ് മേഖലയിൽ സാമ്പത്തികമായി കുഴപ്പമൊന്നുമുണ്ടാകില്ലെന്ന് ഗൾഫ് ന്യൂസ് മാദ്ധ്യമ റിപ്പോർട്ടർ മുഹമ്മദ് അൽ അസൂമി. ഗൾഫ് മേഖലയിലെ സാമ്പത്തിക രംഗം തകരുമെന്ന് വിദേശ മാദ്ധ്യമങ്ങൾ തെറ്റായ വിവരം അറിയിക്കുകയാണ്. ഇത് ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക രംഗത്ത് തകർച്ചയുണ്ടാക്കാനുള‌ള ഗൂഢ ശ്രമമാണെന്നാണ് അസൂമിയുടെ ആരോപണം.

കാര്യങ്ങൾ അങ്ങനെയല്ലെന്ന് മാത്രമല്ല വിദേശ തൊഴിലാളികൾ മടങ്ങി പോകുന്നതിനാൽ ഗുണമുണ്ടെന്നാണ് അസൂമിയുടെ കണ്ടെത്തൽ. ഏകദേശം 45 ലക്ഷം വിദേശ തൊഴിലാളികൾ ഗൾഫിൽ നിന്നും മടങ്ങിയതിൽ ഏറിയ പങ്കും അസംഘടിത മേഖലയിലാണ് ജോലി നോക്കുന്നത്. കൺസ്ട്രക്ഷൻ, സേവന മേഖലകളിലാണ് ഇത്. ഇവരിൽ പകുതിയോളം പേർ നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരാണെന്നാണ് മുഹമ്മദ് അൽ അസൂമിയുടെ കണ്ടെത്തൽ. അതിനാൽ ഇവരിൽ നിന്നും ഗുണത്തേക്കാളേറെ രാജ്യങ്ങൾക്ക് ഒരു ഭാരമായി വേണം ഇവരെ കാണാൻ. സാമൂഹികവും സാമ്പത്തികവുമായ നിരവധി കുഴപ്പങ്ങൾ ഇവർ സൃഷ്ടിക്കാറുണ്ട്.

ടൂറിസം, കൺസ്ട്രക്ഷൻ, ചില്ലറ വ്യാപാരം പോലെ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ബാക്കി പകുതി. ഇവർ താമസിക്കുന്നത് ആളുകൾ തിക്കി തിരക്കുന്ന ലേബർ ക്യാമ്പുകളിലും, വില കുറവുള‌ള താമസ സൗകര്യം ലഭ്യമാകുന്ന ഇടങ്ങളിലുമാണ്. അതിനാൽ ഇവർ മടങ്ങിയാൽ ഗുണമേറെയാണ്.സാമ്പത്തികവും സാമൂഹികവുമായ ആ കാരണങ്ങളിൽ തൊഴിലാളികൾക്ക് ബഡ്‌ജറ്റിൽ പ്രത്യേകം തുക വകയിരുത്തേണ്ട, ഇവരുടെ ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കുമുള‌ള 80 ശതമാനം ഇറക്കുമതി ചെയ്യുന്നത് കുറയുമ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് വികസനത്തിന് അവ കൂടുതൽ ഉപയോഗിക്കാം. കുറിപ്പിൽ പറയുന്നു.

വിദേശ തൊഴിലാളികൾ പണം അയയ്ക്കുന്നത് കുറയുമ്പോൾ പ്രാദേശികമായി പണം കൈമാറ്റം എളുപ്പമാകും. തൊഴിൽ പ്രാവീണ്യമില്ലാത്ത വിദേശ തൊഴിലാളികൾ മൂലമുള‌ള സാമൂഹിക അരക്ഷിതാവസ്ഥയ്ക്കും കുറവുണ്ടാകും. കൊവിഡ് കാലത്തിന് മുൻപ് ആരംഭിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞതിനാൽ ഇനി അത്തരത്തിൽ വിദേശമാദ്ധ്യമങ്ങൾ പ്രചരിപ്പിക്കും പോലെ പ്രതിസന്ധിയില്ലെന്നും കണക്കാക്കുന്നു.