trump

വാഷിംഗ്ടൺ: ചൈനയോടുള്ള ദേഷ്യം വർദ്ധിച്ച് വരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ രൂക്ഷ പ്രതികരണം. കൊറോണ വൈറസിന് പിന്നിൽ ചൈനയാണെന്ന് മുമ്പും ട്രംപ് ആരോപിച്ചിരുന്നു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ സാധിക്കുന്നില്ലെന്ന ആരോ​ഗ്യപ്രവർത്തകരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തൽ.

മഹാമാരി അതിന്റെ ഏറ്റവും വൃത്തികെട്ട മുഖവുമായി ആ​ഗോളതലത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കയിലുൾപ്പെടെ അതിരൂക്ഷമായ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. ഇത് കാണുമ്പോൾ എനിക്ക് ചൈനയോടുള്ള ദേഷ്യം അടിക്കടി വർദ്ധിക്കുന്നു. ആളുകൾക്കത് കാണാൻ സാധിക്കും. ട്രംപ് ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ നിരവധി വിഷയങ്ങളിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനിടെ ബീജിംഗിനെതിരെ ട്രംപ് നടത്തിയ പരാമർശം കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിതെളിച്ചേക്കാം.

കൊവിഡിനെ പിടിച്ചുകെട്ടാനുള്ള നടപടികളിൽ അധികൃതരും പൊതുജനങ്ങളും പരാജയപ്പെട്ടാൽ ദിനംപ്രതി ഒരു ലക്ഷം എന്ന കണക്ക് ഇരട്ടിയാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം ട്രംപ് ഭരണകൂടം കൊവിഡിനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നു എന്നായിരുന്നു ചൈനയുടെ ആരോപണം. ചൈനയിൽനിന്നാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതെങ്കിലും രോഗവ്യാപനവും മരണനിരക്കും ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്.