aravind-de-silva

കൊളംബോ : 2011-ലെ ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്നത്തെ ലങ്കൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാനും മുൻ ക്യാപ്ടനുമായ അരവിന്ദ ഡിസിൽവയെ പ്രത്യേക അന്വേഷണ സംഘം ആറുമണിക്കൂറോളം ചോദ്യം ചെയ്തു. പിന്നാലെ 2011 ഫൈനലിൽ ലങ്കയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഉപുൽ തരംഗയെ ചോദ്യം ചെയ്തു.

2011 ലോകകപ്പിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വിൽക്കുകയായിരുന്നുവെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമഗെ അടുത്തിടെ വീണ്ടും രംഗത്തെത്തിയതോടെയാണ് ഈ വിഷയം ചർച്ചയായത്. അലുത്ഗാമഗെയുടെ ആരോപണത്തിന്റെ പേരിൽ ഇപ്പോഴത്തെ കായികമന്ത്രി ദലസ് അലഹപ്പെരുമയുടെ നിർദേശപ്രകാരം ക്രിമിനൽ അന്വേഷണം ആരംഭിച്ചതായി ശ്രീലങ്കൻ കായികമന്ത്രാലയ സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ ആരോപണം ചൂടുപിടിച്ചതോടെ അതു തന്റെ സംശയമായിരുന്നുവെന്ന വിശദീകരണവുമായി അലുത്ത്ഗമഗെ രംഗത്ത് വന്നിരുന്നു. പക്ഷേ താരങ്ങളെയുൾപ്പടെ ചോദ്യം ചെയ്യുന്നതുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

1996-ൽ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകൻ അർജുന രണതുംഗയും ഒത്തുകളി ആരോപണം ഉന്നയിച്ചിരുന്നു. ഫൈനലിൽ കമന്റേറ്ററായി രംണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ക്യാച്ചുകൾ കൈവിടുന്നത് അടക്കമുള്ള ഫീൽഡിംഗ് പിഴവുകൾ നോക്കുമ്പോൾ ശ്രീലങ്കൻ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇൗ ആരോപണങ്ങൾക്ക് മറുപടിയുമായി 2011 ലോകകപ്പിലെ ലങ്കൻ ക്യാപ്ടൻ കുമാർ സംഗക്കാരയും ഫൈനലിൽ സെഞ്ചുറി നേടിയ മഹേല ജയവർധനെയും രംഗത്തെത്തിയിരുന്നു.