bulg

സോഫിയ(ബൾഗേറിയ): കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കാതിരുന്ന ബൾഗേറിയൻ പ്രധാനമന്ത്രിക്ക് പിഴയിട്ട് ആരോഗ്യവകുപ്പ്. ജൂൺ 23 ന് മാസ്ക് ധരിക്കാതെ പള്ളിയിൽ പോയ പ്രധാനമന്ത്രി ബോയ്കോ ബോറിസോവിനാണ് ബൾഗേറിയയിലെ ആരോഗ്യ വകുപ്പ് പിഴയിട്ടത്. പതിമൂവായിരത്തോളം രൂപയാണ്(174 ഡോളർ) പിഴത്തുക. ജൂൺ 22 നാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതു ഇടങ്ങൾ സന്ദർശിക്കുന്ന ബൾഗേറിയക്കാർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കിരിൽ അനാനിയേവ് ഉത്തരവിട്ടത്. സമീപ കാലത്ത് ഏറ്റവുമധികം ഉയർന്ന നിലയിൽ കൊവിഡ് രോഗികളുടെ എണ്ണം എത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് 23ന് റിലെ ആശ്രമ ദേവാലയം ബൾഗേറിയൻ പ്രധാനമന്ത്രി ബോയ്കോ ബോറിസോവ് സന്ദർശിച്ചത്. പ്രധാനമന്ത്രിയും, സന്ദർശനം റിപ്പോർട്ട് ചെയ്യാനായി പോയ മാദ്ധ്യമ പ്രവർത്തകരിൽ ചിലരും മാസ്ക് ധരിച്ചിരുന്നില്ല. ഈ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് ആരോഗ്യ വകുപ്പ് പ്രധാനമന്ത്രിക്കും മാസ്ക് ധരിക്കാത്ത മാദ്ധ്യമ പ്രവർത്തകർക്കും പിഴയിട്ടത്. കൊവിഡ് നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ച ശേഷം കൊവിഡ് കേസുകൾ വർദ്ധിച്ചതോടെയാണ് ബൾഗേറിയ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചത്.