un

ന്യൂയോർക്ക്: ഔദ്യോഗിക കാറിൽ തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥർ ലൈംഗികബന്ധത്തിലേർപ്പെട്ട സംഭവത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷണം ആരംഭിച്ചു. ഉദ്യാേഗസ്ഥരുടെ വഴിവിട്ട പ്രവൃത്തിയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത് ഐക്യരാഷ്ട്രസഭയ്ക്ക് കടുത്ത മാനക്കേടുണ്ടാക്കിയിരുന്നു. ദൃശ്യങ്ങൾ യു.എൻ മേധാവിയെ ഞെട്ടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥപ്പെടുത്തുകയും ചെയ്‌തുവെന്നാണ് യു.എൻ വക്താവ് പറയുന്നത്.

ആഭ്യന്തര മേൽനോട്ട ഓഫീസിനാണ് അന്വേഷണ ചുമതല. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇസ്രായേലിലെ ടെൽ അവീവിൽ നിന്നുള്ള പതിനെട്ട് സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവിടത്തെ ഹാ യാർകോൺ തെരുവിലെ തിരക്കേറിയ റോഡിനുസമീപത്തെ സിഗ്നലിനടുത്ത് നിറുത്തിയിട്ടിരിക്കുന്ന വെള്ള നിറമുള്ള കാറിലായിരുന്നു ഉദ്യോഗസ്ഥരുടെ കാമകേളികൾ. യു.എൻ എന്ന് കാറിന്റെ മുകളിലും വശത്തും എഴുതിയിരിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. പിൻസീറ്റിൽ ഇരിക്കുന്ന ആളുടെ മടിയിൽ ചുവന്ന വസ്ത്രംധരിച്ച ഒരു സ്ത്രീ ഇരിക്കുന്നതും മുൻ സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതും ദൃശ്യത്തിൽ കാണാം. എന്നാൽ കാർഡ്രൈവർ ഇതിലില്ല.

ഇസ്രയേലില്‍ പ്രവര്‍ത്തിക്കുന്ന യു.എന്നിലെ ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്ന സ്‍ത്രീ - പുരുഷന്മാര്‍ എന്നാണ് സൂചന.കാർ നിറുത്തിയിട്ടിരുന്നതിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്.