ന്യൂഡൽഹി: വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ നാടായ ഇന്ത്യയ്ക്ക് 'ഫെയര്‍ ആന്‍ഡ് ലവ്ലി' പോലെയൊരു ക്രീമിന്റെ ആവശ്യകത എന്താണെന്ന് ചോദിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍സമി.വര്‍ണവിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്.'വെളുത്തവരാണ് അഴകുള്ളവരെന്നാണ് നിങ്ങളുടെ ഫെയര്‍ ആന്‍ഡ് ലവ്ലിയുടെ പരസ്യം പറയുന്നത്. ഇത് വര്‍ണവെറിയും വിവേചനവുമാണ് അവിടെ കാണിക്കുന്നത്'.വര്‍ണ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് 'ഫെയര്‍ ആന്‍ഡ് ലവ്ലി'യുടെ പരസ്യങ്ങളെന്ന് സമി ചൂണ്ടിക്കാട്ടി.
വര്‍ണ വിവേചനം ലക്ഷ്യമിട്ടുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ആളുകളെ തടയാന്‍ ബോധവത്കരണം വേണമെന്നും സമി പറഞ്ഞു. 2014ല്‍ സണ്‍റൈസേഴ്സിന് വേണ്ടി കളിക്കുന്ന സമയം സഹതാരങ്ങള്‍ തന്നെ കാലു എന്ന് വിളിച്ചിരുന്നതായി ഡാരന്‍ സമി വെളിപ്പെടുത്തി.
യുഎസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ പൊലീസ് കൊലപ്പെടുത്തിയതിന് പിന്നാലെ വര്‍ണ വെറിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഫലമായി ഫെയര്‍ ആന്‍ഡ് ലവ്ലിയുടെ പേര് മാറ്റുമെന്ന് യൂനിലെവര്‍ പ്രഖ്യാപിച്ചിരുന്നു. 'ഫെയര്‍ ആന്‍ഡ് ലവ്ലി'യുടെ ചുവടുപിടിച്ച് ലോകത്തെ മുന്‍നിര കോസ്മറ്റിക്‌സ് കമ്പനി ലോറിയല്‍ ഗ്രൂപ്പും ഉല്‍പന്നങ്ങളില്‍ നിന്ന് വൈറ്റ്, ഫെയര്‍, ലൈറ്റ് തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഗാര്‍നിയര്‍, ലോറിയല്‍ പാരിസ്, മേബിലിന്‍ ന്യൂയോര്‍ക്ക്, നിക്‌സ് പ്രഫഷനല്‍ മേക്കപ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ഇവരുടേതാണ്.ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ അടുത്തിടെ സ്‌കിന്‍ വൈറ്റ്‌നിങ് ക്രീമുകളുടെ വില്‍പന നിര്‍ത്തിയിരുന്നു.