ന്യൂഡൽഹി : ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ ചൈന അംഗീകരിച്ചു. ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പതിനാറാം കോര്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും തെക്കന്‍ ഷിന്‍ജിയാംഗ് സൈനിക മേഖലാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്നും ചുഷുല്‍ ഔട്‌പോസ്റ്റിൽ നടത്തിയ ചര്‍ച്ചയിലാണ് ധാരണ ഉണ്ടായത്.
ലഡാക്കിലെ 14, 15, 17 പട്രോളിംഗ് പോയിന്റുകളില്‍നിന്നുള്ള സൈനികരെ പിന്‍വലിക്കുന്ന കാര്യത്തിലാണ് ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം പാന്‍ഗോംഗ് തടാക മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. ചര്‍ച്ചയിൽ ഉരുത്തിരിഞ്ഞ ധാരണകൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല.
കഴിഞ്ഞ 22-ന് നടന്ന ചര്‍ച്ചയില്‍ ഗാല്‍വന്‍ താഴ്‌വര, ഹോട്ട് സ്‌പ്രിംഗ്, പാംഗോംഗ് തടാകം എന്നിവിടങ്ങളില്‍നിന്ന് സേനാപിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയായിരുന്നു. ചൈനയുടെ വാക്ക് വിശ്വസിച്ച് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചുതുടങ്ങിയെങ്കിലും ചർച്ചയിൽ ഉണ്ടായ ധാരണയ്ക്കു വിരുദ്ധമായി ചൈന കൂടുതല്‍ സ്ഥലങ്ങളില്‍ കടന്നുകയറുകയായിരുന്നു.