ന്യൂയോർക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ആകെ കേസുകൾ 1,06,10,065 ഉം മരണം 5,14,468 ഉം കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും അതിതീവ്രമായി രോഗം പടരുന്നതായാണ് സൂചന. അമേരിക്കയിൽ 37,963 ലധികം പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ബ്രസീലിൽ 31000ലധികം ആളുകൾക്കും രോഗം ബാധിച്ചു.
1200ൽ അധികമാളുകൾ 24 മണിക്കൂറിനിടെ ബ്രസീലിൽ മരിച്ചപ്പോൾ അമേരിക്കയിൽ 639 പേരാണ് മരിച്ചത്. 58,18,221 പേർക്കാണ് ഇതുവരെ കൊവിഡിൽ നിന്ന് രോഗമുക്തി നേടാനായത്. അമേരിക്ക, ബ്രസീൽ, റഷ്യ, ഇന്ത്യ, ബ്രിട്ടൻ, സ്പെയിൻ, പെറു, ചിലി, ഇറ്റലി, ഇറാൻ എന്നീരാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. അതേസമയം, മെക്സിക്കോയിലും പാകിസ്ഥാനിലും തുർക്കിയിലും കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. ജർമനി, സൗദി അറേബ്യ, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞവ.
ഇ.യുവിലേക്ക് യു.എസിന് നോ എൻട്രി
കൊവിഡ് ഭീതിയിൽ മാർച്ച് പകുതി മുതൽ അടച്ച അതിർത്തികൾ ഇന്നലെമുതൽ യൂറോപ്യൻ യൂണിയൻ തുറന്നു. നിലവിൽ കൊവിഡ് വ്യാപനം കുറഞ്ഞ 15 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മാത്രമേ പ്രവേശനത്തിന് അനുമതി നൽകിയിട്ടുള്ളു. കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന അമേരിക്കയെ പട്ടികയിൽ നിന്ന് ഒഴിവാക്കി. കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഉറുഗ്വായ്, അൾജീരിയ, ജോർജിയ, മൊറോക്കോ, സെർബിയ, സൗത്ത് കൊറിയ, തായ്‌ലാൻഡ്, ടുണീഷ്യ, മൊണ്ടിനെഗ്രോ, റുവാണ്ട, ചൈന എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് യൂറോപ്യൻ യൂണിയൻ പ്രവേശനം നൽകുക.